Skip to main content

വടക്കാഞ്ചേരിയിൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ഡിസംബർ 1ന് പ്രവർത്തനമാരംഭിക്കും

 

വടക്കാഞ്ചേരിയിൽ അനുവദിച്ച ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ഡിസംബർ 1ന് പ്രവർത്തനമാരംഭിക്കും. ഓട്ടുപാറ കുന്ദംകുളം റോഡിൽ കൃഷിഭവന് എതിർവശത്തുള്ള കെട്ടിടത്തിലാണ് പോക്സോ കോടതി പ്രവർത്തനമാരംഭിക്കുന്നത്.

ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വടക്കാഞ്ചേരി കോടതിയിൽ സബ് കോടതി, എം എ സി ടി കോടതി, പോക്സോ കോടതി, കുടുംബ കോടതി എന്നിവ അനുവദിക്കണമെന്നാവശ്യപ്പെട്ട്  നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. സബ് കോടതികളുടെ മുൻഗണനാ പട്ടികയിൽ വടക്കാഞ്ചേരി മൂന്നാം സ്ഥാനത്ത് ഉണ്ടെന്നും കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം തടയുന്നതിന് പ്രാധാന്യം നൽകുന്നതിനാൽ പോക്സോ കോടതികൾ സ്ഥാപിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. തുടർന്ന് 2022 മെയ് മാസത്തിൽ കേരളത്തിൽ 28 പോക്സോ കോടതികൾ പ്രഖ്യാപിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവിൽ വടക്കാഞ്ചേരിയിൽ പോക്സോ കോടതി അനുവദിക്കുകയായിരുന്നു.

കേസുകളുടെ ബാഹുല്യം മൂലം ജനങ്ങൾക്ക് നീതി വൈകുന്ന സ്ഥിതിക്ക് പരിഹാരം കാണുവാനുള്ള ശ്രമത്തിൽ മുന്നോട്ടുള്ള ചുവടുവയ്പ്പാണിതെന്നും, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ശക്തമായ നീതിനിർവ്വഹണം കാലതാമസമില്ലാതെ നടപ്പിലാക്കുന്നതിന് അനുവദിക്കപ്പെട്ട പോക്സോ കോടതി സഹായകരമാകുമെന്നും സേവ്യർ ചിറ്റിലപ്പിളളി എം എൽ എ പറഞ്ഞു. പോക്സോ കോടതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിസംബർ 1ന് രാവിലെ 9.30 ന് ഹൈക്കോടതി ജഡ്ജ് എ കെ ജയശങ്കരൻ നമ്പ്യാർ പോക്സോ കോടതി ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ഷീല മോഹനൻ, സ്ഥിരം സമിതി അധ്യക്ഷൻ സി വി മുഹമ്മദ് ബഷീർ, നഗരസഭ കൗൺസിലർമാരായ എ ഡി അജി, പി എൻ വൈശാഖ്, വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് പ്രതിനിധി ശശികുമാർ കൊടയ്ക്കാടത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അജിത്ത് മല്ലയ്യ, സ്പന്ദനം വടക്കാഞ്ചേരി സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വടക്കാഞ്ചേരി ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഇ കെ മഹേഷ് സ്വാഗതവും, ബാർ അസോസിയേഷന് വേണ്ടി അഡ്വ. എൻ എസ് മനോജ് നന്ദിയും പറഞ്ഞു.

date