Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി സായാഹ്ന പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു

 

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉന്നമനത്തിനായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സായാഹ്ന പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. 2022-23 സാമ്പത്തിക വര്‍ഷം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് സായാഹ്ന പഠനകേന്ദ്രം. ബ്ലോക്ക് പരിധിയിലെ 32 പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചാണ് പ്രാരംഭ ഘട്ടത്തില്‍ സായാഹ്ന പഠനകേന്ദ്രം നടപ്പാക്കുന്നത്. അമ്പലപ്പാറ-അഞ്ച്, ചളവറ-നാല്, ലെക്കിടി പേരൂര്‍-അഞ്ച്, വാണിയംകുളം-നാല്, നെല്ലായ-നാല്, വല്ലപ്പുഴ-മൂന്ന്, അനങ്ങനടി-നാല്, തൃക്കടീരി-മൂന്ന് എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളില്‍ സായാഹ്ന പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുക. നിലവില്‍ വിവിധ പഞ്ചായത്തുകളിലായി 20 കേന്ദ്രങ്ങള്‍ ആരംഭിച്ചതായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് എസ്.സി ഡെവലപ്‌മെന്റ് ഓഫീസര്‍ ആര്‍. അരുണ്‍ അറിയിച്ചു.
കോളനികള്‍ക്കുള്ളില്‍ തന്നെയുള്ള പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്. പഠനകേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി ഒരു പഞ്ചായത്ത് ഒരു പഠനകേന്ദ്രത്തിന് 50,000 രൂപ വീതം നീക്കിവെച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത അധ്യാപകര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് എസ്.സി.പി ഫണ്ടില്‍ നിന്നും 9,92,000 രൂപ വകയിരുത്തിയിട്ടുണ്ട്. നാല് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് ക്ലാസുകള്‍. പഠനത്തിന് പിന്തുണ നല്‍കുന്നതിനോടൊപ്പം വായനാശീലം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും ക്വിസ് മത്സരങ്ങളും അനുബന്ധപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

date