Skip to main content

ബീമാപ്പള്ളി ഉറൂസിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

** ജനുവരി മൂന്നിന് തിരുവനന്തപുരം നഗര പരിധിയിൽ പ്രാദേശിക അവധി

ബീമാപ്പള്ളിയിലെ ഈ വർഷത്തെ ഉറൂസ് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി തീർഥാടകർക്കായി ഒരുക്കുന്ന സൗകര്യങ്ങൾ വിലയിരുത്താൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഡിസംബർ 25 ന് ഉറൂസ് മഹോത്സവം ആരംഭിക്കും. ജനുവരി നാലിനു പുലർച്ചെ സമാപിക്കും.

തീർഥാടകർക്കുള്ള എല്ലാ സൗകര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നു മന്ത്രി ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകി. ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും. ബീമാപ്പള്ളിയിലേക്കുള്ള പ്രധാന റോഡിലെയും  അനുബന്ധ റോഡുകളിലെയും അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും. വഴിവിളക്കുകൾ തെളിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കെ.എസ്.ഇ.ബിക്കും കോർപ്പറേഷനും നിർദേശം നൽകി. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച പരിശോധന പൂർത്തിയാക്കി ആവശ്യമായ അറ്റകുറ്റപ്പണി നടത്തണം. പ്രധാന റോഡുകളിലും ജങ്ഷനുകളിലും ബീമാപ്പള്ളിയിലേക്കുള്ള ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിന് കോർപ്പറേഷനെ ചുമതലപ്പെടുത്തി.

തീർഥാടകർക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷാ കേന്ദ്രം തുറക്കും. പ്രത്യേക ആംബുലൻസ് സൗകര്യവുമുണ്ടാകും. തീർഥാടകരുടെ സൗകര്യാർഥം പൂവാർ, കിഴക്കേക്കോട്ട, തമ്പാന്നൂർ ഡിപ്പോകളിൽനിന്നു കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും. തീർഥാടകരുടെ പാർക്കിങ്ങിനും പ്രത്യേക സൗകര്യമൊരുക്കും.

ക്രമസമാധാന പാലനം ഉറപ്പാക്കാൻ തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് വിന്യാസം നടത്തും. കൺട്രോൾ റൂമും തുറക്കും. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ നടത്തും. ഉത്സവകാലയളവിൽ മാലിന്യ നീക്കം ഉറപ്പാക്കാൻ കോർപ്പറേഷന്റെ നേതൃത്വത്തിൽ പ്രത്യേക ഡ്രൈവ് നടത്തും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാകും ഉറൂസ് മഹോത്സവം നടത്തുക.

കോവിഡ് ആശങ്കയൊഴിഞ്ഞ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഉറൂസ് മഹോത്സവത്തിനു കൂടുതൽ തീർഥാടകർ എത്താനുള്ള സാധ്യത മുൻനിർത്തി സർക്കാർ സംവിധാനങ്ങൾ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും സമയബന്ധിതമായി ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്നും മന്ത്രി യോഗത്തിൽ നിർദേശം നൽകി. സെക്രട്ടേറിയറ്റ് അനക്‌സിലെ നവകൈരളി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം അനിൽ ജോസ്,  കൗൺസിലർമാരായ ജെ. സുധീർ, മിലാനി പെരേര, ബീമാപ്പള്ളി ജമാഅത് പ്രസിഡന്റ് മുഹമ്മദ് ഇസ്‌ലാം, ജനറൽ സെക്രട്ടറി എം.കെ.എം. നിയാസ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date