Skip to main content

വൈക്കത്ത് ലഹരിക്കെതിരെ ഫുട്ബോൾ ക്ലബ്ബ് രൂപീകരിച്ചു

 

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഫുട്ബോൾ ക്ലബ്ബുമായി വൈക്കം നഗരസഭ. നഗരസഭയുടെ 26 വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്. ക്ലബ്ബിന്റെ ഉദ്ഘാടനം വൈക്കം ഗവൺമെന്റ് ബോയ്സ് ഹൈസ്‌കൂൾ മൈതാനത്ത് ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ അയ്യപ്പൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബാലസഭയിലെ അഞ്ച് മുതൽ 12 വയസു വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്. 12 വയസ് മുതൽ 17 വയസു വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി മറ്റൊരു ഫുട്ബോൾ ക്ലബ്ബ് കൂടി ഉടൻ രൂപീകരിക്കും. മദ്യം, മയക്കുമരുന്ന് മുതലായ ലഹരികളുടെ പിടിയിൽനിന്നു കുട്ടികളെ രക്ഷിക്കുക, പകരം സ്പോർട്സ് ലഹരിയാക്കി മാറ്റാൻ കുട്ടികളെ പ്രേരിപ്പിക്കുക അതിലൂടെ കായികക്ഷമതയുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലേഖ ശ്രീകുമാർ, കൗൺസിലർമാരായ ആർ. സന്തോഷ്, ഏബ്രഹാം പഴയകടവൻ, കുടുംബശ്രീ ജീവനക്കാരായ രഞ്ജിനിമോൾ, സൽ പ്രിയ, സി.ഡി.എസ് ചെയർപേഴ്സൺ സൽബി ശിവദാസ്, വൈസ് ചെയർപേഴ്സൺ രത്നമ്മ വിജയൻ എന്നിവർ പങ്കെടുത്തു.

(കെ.ഐ.ഒ പി.ആർ 2959/2022)

date