Skip to main content

കലക്ട്രേറ്റിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പ്രോ​ഗ്രാമിന് തുടക്കമായി

കോഴിക്കോട് കലക്ട്രേറ്റിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പ്രോ​ഗ്രാമിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന സമിതി കമ്മീഷ്ണർ എം.എസ്‌ മാധവികുട്ടി നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മികച്ച പ്രവർത്തനങ്ങളാണ് ജില്ല കാഴ്ചവെക്കുന്നത്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ ഓഫീസുകളിൽ ഇന്റേൺഷിപ്പ് നൽകുന്നതിലൂടെ അവരുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ സാധിക്കട്ടെയെന്നും ഡി.ഡി.സി ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. 

 

ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള സഹായി സെല്ലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവ. ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും ഡി.സി.എ കമ്പ്യൂട്ടർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് ഇന്റേൺഷിപ്പിനെത്തുന്നത്. നാഷണൽ സേവിങ്സ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, മെഡിക്കൽ, സാമൂഹ്യനീതി, നാഷണൽ ട്രസ്റ്റ്, പ്രൊബേഷൻ എന്നിങ്ങനെ ആറ് ജില്ലാ ഓഫീസുകളിലേക്കായാണ് വിദ്യാർത്ഥികളെ നിയമിച്ചത്. ഡിസംബർ ഒന്ന് മുതൽ മൂന്നു മാസത്തേക്കാണ് നിയമനം.

 

ജില്ലാ മിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫിസർ അഷ്‌റഫ് കാവിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ നാഷണൽ സേവിങ്സ് ഗിരീഷ് , ജില്ലാ പ്രൊബേഷൻ ഓഫീസർ ജാബിർ, ജില്ലാ കോർഡിനേറ്റർ നാഷണൽ ട്രസ്റ്റ് എൽഎൽസി വി.ഫസ്ന, റീജിയണൽ ഡയറക്ടർ പ്രോഗ്രാം കെ.എസ്.എസ്.എം ഡോ. സൗമ്യ, കെ.എസ്.എസ്.എം പോഗ്രാം കോർഡിനേറ്റർ റിയാസ്, ജില്ലാ മെഡിക്കൽ  ഓഫീസ് പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു. വൊക്കേഷണൽ ട്രെയിനിങ് സെന്റർ സൂപ്പർവൈസർ രാധിക സ്വാഗതവും മഹത്മാ ഗാന്ധി നാഷണൽ ഫെല്ലോ അതുൽ മുരളീധരൻ നന്ദിയും പറഞ്ഞു.

date