Skip to main content
ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഉണർവ്  2022 " ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് പരേണ്ട് ഗ്രൗണ്ടിൽ നടന്ന കായിക മത്സരത്തിൽ നിന്ന്

പരിമിതികളെ സാധ്യതയാക്കി ഭിന്നശേഷി കായിക മേള

 

പരിമിതികൾ മറന്നുള്ള മുന്നേറ്റങ്ങൾ, ആവേശത്തോടെയുള്ള ആർപ്പുവിളിയും ആരവങ്ങളും, ഒടുവിൽ മനസ്സിനൊപ്പം ഓടിയെത്താത്ത ശരീരത്തെ വരുതിയിലാക്കിയുള്ള  തിളക്കമാർന്ന വിജയങ്ങൾ. ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന 'ഉണർവ് 2022' ലോകഭിന്നശേഷി വാരോഘോഷത്തിന്റെ ഭാഗമായ കായിക മേളയാണ് അതിജീവനത്തിന്റെ സന്ദേശമായത്.

ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളിലെയും സ്‌പെഷ്യൽ സ്‌കൂളുകളിലെയും വിദ്യാർഥികളാണ് കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 400 പേർ കായിക മേളയിൽ മാറ്റുരച്ചു. 50, 100 മീറ്റർ ഓട്ട മത്സരം, ഷോട്ട് പുട്ട്, സോഫ്റ്റ് ബോൾ ത്രോ, വീൽ ചെയർ റെയ്‌സ് എന്നിവയായിരുന്നു മത്സര ഇനങ്ങൾ. കലാ മത്സരങ്ങൾ ഡിസംബർ മൂന്നിന് പൊലീസ് സഭാ ഹാളിൽ നടക്കും. ഭിന്നശേഷി സൗഹൃദ ജില്ല എന്ന വിഷയത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആറിന് നടക്കുന്ന ശിൽപശാലയോടെ വാരാഘോഷം സമാപിക്കും.

വാരാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് രണ്ടുകോടി രൂപയുടെ സ്‌കോളർഷിപ്പ് ജില്ലയിൽ വിതരണം ചെയ്തതായി അവർ പറഞ്ഞു. ഗ്രാമപഞ്ചായത്തുകൾ നൽകുന്ന സ്‌കോളർഷിപ്പുകളിൽ പ്രധാന വിഹിതം ജില്ലാ പഞ്ചായത്താണ് നൽകുന്നത്. ബഡ്‌സ് സ്‌കൂളുകളുടെ പ്രവർത്തനം വിപുലീകരിക്കാനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഗ്രാമപഞ്ചായത്തുകൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഈ വർഷം ബ്ലോക്ക് തലത്തിൽ ഭിന്നശേഷി സംഗമം സംഘടിപ്പിക്കുമെന്നും പി പി ദിവ്യ പറഞ്ഞു. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ ഡി ആർ മേഘശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വിൻസി ആൻ പീറ്റർ ജോസഫ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ എം അഞ്ജു മോഹൻ, സീനിയർ സൂപ്രണ്ട് പി കെ നാസർ, സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ഒ വിജയൻ, ഡിഫറന്റലി ഏബിൾഡ് വെൽഫയർ ഫെഡറേഷൻ പ്രതിനിധി എ ഷിജു, ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് പ്രതിനിധി ഉമ്മർ വിളക്കോട്, ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് പ്രതിനിധി ദാസൻ മേക്കിലേരി, കേരള പാരന്റ്‌സ് അസോസിയേഷൻ ഓഫ് ഹിയറിംഗ് ഇംപയേർഡ് പ്രതിനിധി പി കെ ഹാഷിം, അഖിലകേരള വികലാംഗ ഫെഡറേഷൻ പ്രതിനിധി ടി വി മോഹനൻ, കണ്ണൂർ നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റി പ്രതിനിധി പി കെ സിറാജ് എന്നിവർ പങ്കെടുത്തു.

date