Skip to main content

കക്കൂസ്മാലിന്യ നിർമാർജന പദ്ധതി വിജയകരമായി പൂർത്തിയാക്കി വടക്കാഞ്ചേരി

 

കേരള സർക്കാരും ശുചിത്വമിഷനും കൂടിച്ചേർന്ന് നടത്തുന്ന മലംഭൂതം പദ്ധതി വിജയകരമായി ജനങ്ങളിലെത്തിച്ച് വടക്കാഞ്ചേരി നഗരസഭയും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ ഒന്നാം വർഷ സാമൂഹ്യപ്രവർത്തന വിഭാഗം വിദ്യാർത്ഥികളും. കേരളത്തിലാദ്യമായി മലംഭൂതം എന്ന ഫീക്കൽ സ്ള്ഡ്ജ് മാനേജ്മെന്റ് ക്യാമ്പയിൻ നടപ്പിലാക്കുന്ന സ്വയംഭരണ സ്ഥാപനമാണ് വടക്കാഞ്ചേരി നഗരസഭ. ഇതിന്റെ ഭാഗമായി  ശരിയായ കക്കൂസ്മാലിന്യ നിർമാർജനത്തിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, തിരൂർ പ്രാദേശിക കേന്ദ്രത്തിലെ ഒന്നാം വർഷ സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർത്ഥികളും നഗരസഭയും ചേർന്ന്  വിവിധയിന കലാപരിപാടികളിലൂടെ ബോധവത്കരണം നടത്തി.

വടക്കാഞ്ചേരിയിലെ ജലസ്രോതസ്സുകളിൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രധാനമായും കുടിവെള്ള സ്രോതസ്സുകളിലൂടെ മനുഷ്യ ശരീരത്തിലേക്കെത്തുന്ന ഈ ബാക്ടിരിയ പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അശാസ്ത്രീയമായി നിർമ്മിച്ച ഒറ്റക്കുഴി കക്കൂസ് ടാങ്കിൽ നിന്നും കുറഞ്ഞത് 7.മീറ്റർ അകലമെങ്കിലും ഇല്ലാത്ത കിണറുകളിലാണ് ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കി മാറ്റുന്നതിനായുള്ള പ്രചരണ പരിപാടികൾ നഗരസഭയും വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി നടത്തിയ തെരുവുനാടകം, പാവനാടകം, ഡോക്യൂമെന്ററി, സ്റ്റാൾ എക്സിബിഷൻ എന്നിവ പൊതുജനശ്രദ്ധയാകർഷിച്ചു. ക്യാമ്പയിനിന്റെ വിവിധ ദിനങ്ങളിലായി സിനിമ താരം രമാദേവി, നാടക കലാകാരന്മാരായ സുഭാഷ് തങ്കൻ, പ്രസാദ്, ഛായാഗ്രാഹകൻ മണികണ്ഠൻ,കഥകളി വിദഗ്ദൻ കലാമണ്ഡലം പ്രവീൺ, റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജോഫി എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. കൂടാതെ പ്രശസ്ത നർത്തകിയും സിനിമാതാരവും വടക്കാഞ്ചേരി നഗരസഭ ശുചിത്വമിഷൻ അംബാസ്സഡറുമായ രചനാ നാരായണൻകുട്ടി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നഗരസഭ യാത്രയയപ്പ്  നല്‍കി. യാത്രയയപ്പ് യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷീല മോഹന്‍.ഒ.ആര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ആര്‍.അരവിന്ദാക്ഷന്‍, സ്വപ്ന ശശി, ജമീലാബി.എ.എം, കൗണ്‍സിലര്‍മാരായ  മല്ലിക സുരേഷ്, ധന്യ നിധിന്‍, ഐശ്വര്യ, നബീസ എന്നിവര്‍ പങ്കെടുത്തു.  സോഷ്യല്‍ വര്‍ക്ക് അധ്യാപകരായിട്ടുള്ള അഷറഫ്.ടി.എം,  മുഹമ്മദ് സാലിഹ്, ശിശിര്‍ദാസ്, നഗരസഭാ സെക്രട്ടറി കെ.കെ.മനോജ് എന്നിവര്‍ പങ്കെടുത്തു.

date