Skip to main content

പ്രൊഫഷണൽ കോഴ്സുകൾ: ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ സംമ്പന്ധിച്ച കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടിയന്തര ഉത്തരവിന് കമ്മീഷൻ നിർദേശം

ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടികവർഗക്കാർക്ക് നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി Vs അൻമോൾ ബണ്ഡാരി’ എന്ന കേസിൽ പുറപ്പെടുവിച്ച വിധിന്യായം അടിസ്ഥാനമാക്കി കേരള കാർഷിക സർവകലാശാല അടിയന്തരമായി ഉത്തരവു പുറപ്പെടുവിക്കണമെന്നും നിർദേശിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സർവകലാശാല രജിസ്ട്രാർക്ക് ഉത്തരവു നൽകി.

മലപ്പുറം വളാഞ്ചേരി സ്വദേശിയും ഭിന്നശേഷിക്കാരിയുമായ സാന്ദ്ര എന്ന വിദ്യാർഥി എം.എസ്‌സി അഗ്രിക്കൾച്ചർ കോഴ്സിന് അപേക്ഷിച്ചപ്പോൾ ബിരുദതലത്തിൽ ലഭിച്ച മാർക്കിന്റെ സ്കോർ 6.9/10 ആയതിനാൽ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ ഫയൽ ചെയ്ത കേസിലാണ് സുപ്രധാന ഉത്തരവുണ്ടായത്. എം.എസ്‌സി അഗ്രിക്കൾച്ചർ കോഴ്സിൽ പ്രവേശനം ലഭിക്കാൻ ജനറൽ വിഭാഗത്തിന് നിശ്ചയിച്ചിരിക്കുന്ന മിനിമം സ്കോർ 7/10 ആണ്. എന്നാൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് 6.5/10 ആണ്. ഇപ്രകാരമുള്ള എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷമാണ് കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവിന്റെ പകർപ്പ് കേരളത്തിലെ കല്പിത സർവകലാശാലകൾ ഉൾപ്പെടെയുള്ള എല്ലാ സർവകലാശാലകളുടെയും രജിസ്ട്രാർമാർ,  ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, പ്രവേശന പരീക്ഷാ കമ്മീഷണർ എന്നിവരുടെ  അറിവിലേക്കും അനന്തര നടപടികൾക്കുമായി അയച്ചു കൊടുക്കാനും കമ്മീഷണർ നിർദേശിച്ചു.

പി.എൻ.എക്സ്. 5928/2022

 

 

 

date