Skip to main content

വടക്കാഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂൾ മൈതാനം ഉന്നത നിലവാരത്തിലേയ്ക്ക് 

 

വടക്കാഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂൾ മൈതാനം നവീകരണവുമായി ബന്ധപ്പെട്ട്   സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയില്‍ കായികതാരങ്ങളുടെയും, കായിക പ്രേമികളുടെയും യോഗം ചേർന്നു. കായികവകുപ്പിന്‍റെ  'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' എന്ന പദ്ധതിയുടെ ഭാഗമായി  ഗവ.ബോയ്സ് ഹൈസ്കൂളിലെ മൈതാനം നവീകരിച്ച് ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിന് 
തീരുമാനിച്ചു. പദ്ധതിക്കായി 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  50 ലക്ഷം രൂപ സര്‍ക്കാര്‍ വിഹിതവും 50 ലക്ഷം രൂപ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് വകയിരുത്തിയിട്ടുള്ളത്. ജനപ്രതിനിധികളുടെയും കായികതാരങ്ങളുടെയും, കായിക പ്രേമികളുടെയും ബന്ധപ്പെട്ടവരുടെയും നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്  പദ്ധതി നടത്തിപ്പിന്‍റെ മുന്നോടിയായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനു തീരുമാനിച്ചു.
 
നഗരസഭാ ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. സ്പോര്‍ട്സ് കേരള ഫൗണ്ടേഷൻ  എക്സിക്യുട്ടീവ് എൻജിനിയര്‍ ഷാജഹാന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷീലമോഹന്‍ ഒആര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ  പിആര്‍ അരവിന്ദാക്ഷന്‍, ജമീലാബി എഎം, സിവി മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാര്‍,  നഗരസഭാ സെക്രട്ടറി കെകെ മനോജ്, യുവജന ക്ലബ്ബ് ഭാരവാഹികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date