Skip to main content

ദേശീയ പാതയോരത്തെ കണ്ടെയ്നർ ലോറികളുടെ പാർക്കിംഗ് നിയന്ത്രിക്കും : ജില്ലാ കളക്ടർ

 

കളമശേരി നിയോജക മണ്ഡലത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ദേശീയ പാതയോരങ്ങളിലെ പാർക്കിംഗ് നിയന്ത്രിക്കാൻ തീരുമാനം. കണ്ടെയ്നർ റോഡിലും ആലുവ മുതൽ കളമശേരി വരെയുള്ള ഭാഗങ്ങളിലും  അനധികൃതമായി കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ ജില്ലാ കലക്ടർ ഡോ. രേണുരാജിന്‍റെ അധ്യക്ഷതയിൽ ചേ‍ര്‍ന്ന യോഗം തീരുമാനിച്ചുയ.

ലോറികൾ ആഴ്ചകളോളം റോഡരികിൽ നിർത്തിയിടുന്നത് പാതയോരങ്ങളിൽ മാലിന്യം പെരുകാൻ കാരണമാകുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.  ഡ്രൈവർമാർ വല്ലാർപാടം ടെർമിനലിലെ പാർക്കിംഗ് സംവിധാനം ഉപകാരപ്പെടുത്തണം.  ടെർമിനലിലെത്തുന്ന ലോറി ഡ്രൈവർമാരുടെ നമ്പരുകൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കണം. ചരക്കുമായി വരുന്ന വാഹനങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട ഷിപ്പ്മെന്റ് ഏജൻസികൾ സ്വീകരിക്കണം. നിയന്ത്രണം പ്രാബല്യത്തിൽ വന്നതിന് ശേഷവും വഴിയരികൾ പാർക്ക് ചെയ്യുന്ന  ലോറികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകി.

മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കും. ദേശീയ പാതയോരങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ദേശീയപാതാ അതോറിറ്റി ഇതിനു വേണ്ട അനുമതി നൽകും. ക്യാമറകളുടെ തുടർന്നുള്ള അറ്റകുറ്റപ്പണികൾ  തദ്ദേശ സ്ഥാപനങ്ങൾ നിർവഹിക്കണം. റോഡുകളിൽ ആവശ്യമായ ദിശാസൂചികകളും ബോർഡുകളും സ്ഥാപിക്കും. ക്യാമറകൾ സ്ഥാപിച്ച് പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തിയ ശേഷം ജനുവരിയിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കാനും ധാരണയായി.

കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഏലൂർ നഗരസഭ അധ്യക്ഷൻ എ.ഡി. സുജിൽ, അസി. പൊലീസ് കമ്മീഷണർമാരായ പി.വി ബേബി, പി. റെജികുമാർ, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ പി.എച്ച് ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.

date