Skip to main content

വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണം ഡിസംബര്‍ ഒന്നുമുതല്‍ 14 വരെ;   വ്യക്തിശുചിത്വം വളരെ പ്രധാനം-ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഊര്‍ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന് (ഐ.ഡി.സി.എഫ്) ജില്ലയില്‍ തുടക്കമായി. ഡിസംബര്‍ ഒന്നു മുതല്‍ 14 വരെയാണ് പക്ഷാചരണം സംഘടിപ്പിച്ചിട്ടുള്ളത്.  അഞ്ച് വയസിനു താഴെയുള്ള കുട്ടികളില്‍ വയറിളക്കം മൂലം ഉണ്ടാകുന്ന മരണം പൂര്‍ണമായും തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒ.ആര്‍.എസ്, സിങ്ക് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുക, വ്യക്തിശുചിത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നിവയും പക്ഷാചരണത്തിന്റെ ഭാഗമാണ്.

 

പക്ഷാചരണത്തിന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ അതത് പ്രദേശത്തെ അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ വീടുകളില്‍ ഒ.ആര്‍.എസ് എത്തിക്കുകയും, ഒ.ആര്‍.എസിന്റെ ഉപയോഗക്രമം, ബോധവല്‍ക്കരണം എന്നിവ നടത്തുകയും ചെയ്യും. സ്‌കൂളുകള്‍, അങ്കണവാടി, ആരോഗ്യ ഉപകേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഒ.ആര്‍.എസ് ഡിപ്പോകളും പക്ഷാചരണത്തോട് അനുബന്ധിച്ച് ക്രമീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു.

 

അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായി കാണുന്നത്. അതിനാല്‍ കുഞ്ഞുങ്ങളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ ആരംഭിക്കണം. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വയറിളക്ക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ പാനീയ ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഒ.ആര്‍.എസ് എന്നിവ ഇതിനായി ഉപയോഗിക്കാം. വയറിളക്കമുള്ളപ്പോള്‍ ഒ.ആര്‍.എസിനോപ്പം ഡോക്ടറുടെ നിര്‍ദേശാനുസരണം സിങ്കും കഴിക്കണം. സിങ്ക് നല്‍കുന്നത് ശരീരത്തില്‍ നിന്നും ഉണ്ടായ ലവണനഷ്ടം പരിഹരിക്കുന്നതിനും, വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.

 

പ്രതിരോധമാര്‍ഗങ്ങള്‍
സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കൈകള്‍ കഴുകുക എന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗം. ആഹാരം കഴിക്കുന്നതിന് മുന്‍പും കഴിച്ചതിന് ശേഷവും മലമൂത്രവിസര്‍ജനത്തിന് ശേഷവും കൈകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ച് സൂക്ഷിക്കുക. പഴകിയതും, മലിനവുമായ ആഹാരം കഴിക്കാതിരിക്കുക. ആഹാരം പാകം ചെയ്യുന്നതിന് ശുദ്ധജലം മാത്രം ഉപയോഗിക്കുക. പഴങ്ങളും, പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി മാത്രം ഉപയോഗിക്കുക. കിണറുകളും, കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്യുക. ഇവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക.

date