Skip to main content

വോട്ടർപട്ടിക ഡിസംബർ എട്ട് വരെ പുതുക്കാം

വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഡിസംബര്‍ എട്ട് വരെ അവസരമുണ്ടാകുമെന്ന് വോട്ടർ പട്ടിക നിരീക്ഷകൻ പി.എം. അലി അസ്ഗർ പാഷ പറഞ്ഞു. വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടപടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം.

 

കരട് പട്ടികയിൽ ആക്ഷേപമുണ്ടെങ്കിൽ ഡിസംബര്‍ എട്ട് വരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാം. ഒരു പോളിംഗ് സ്‌റ്റേഷന്‍/ നിയമസഭാ മണ്ഡലത്തില്‍ നിന്നും മറ്റൊരു പോളിംഗ് സ്‌റ്റേഷന്‍/ നിയമസഭാ മണ്ഡലത്തിലേക്ക് സ്ഥാനമാറ്റം നടത്തുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താം. ജനുവരി 5ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അലി 

 അസ്ഗർ പാഷ പറഞ്ഞു. 

 

ജനപ്രതിനിധികളുമായും തെരഞ്ഞെടുപ്പ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായും അദ്ദേഹം ചർച്ച നടത്തി. വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള ക്യാമ്പയിനുകളിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

 

വോട്ടര്‍പ്പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഹയർസെക്കൻഡറി, കോളേജ് തലങ്ങളിൽ ഇലക്ഷൻ ഐഡി കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട് എൻറോൾമെന്റ്‌ ക്യാമ്പയിനുകൾ സംഘടിപ്പിക്കാൻ അതാത് വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും അലി അസ്ഗർ പാഷ പറഞ്ഞു. 

 

വോട്ടര്‍പ്പട്ടിക പുതുക്കല്‍, ആധാർ ലിങ്കിങ് തുടങ്ങിയവയ്ക്കായി ബി എൽ ഒ മാർ ഗൃഹ സന്ദർശനം നടത്തുന്നുണ്ട്. ആബ്സെന്റ്, ഷിഫ്റ്റ്, ഡെത്ത് ഇവ രേഖപെടുത്താനുള്ള ഗൂഗിൾ ഷീറ്റ് നൽകിയിട്ടുണ്ടെന്നും ബി എൽ ഒ മാർക്ക് ഇതിനു വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.ഹിമ പറഞ്ഞു. വോട്ടര്‍ പട്ടിക പുതുക്കൽ സേവനം ലഭിക്കുന്നതിനായി ജനസേവ കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താം. കൂടാതെ 'വോട്ടേര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ' ഡൗണ്‍ലോഡ് ചെയ്തും www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയും തിരുത്താവുന്നതാണ്. 

 

അതാത് ബൂത്തുകളിൽ ബി എൽ ഒ മാർക്കൊപ്പം രാഷ്ട്രീയ പാർട്ടികളും മീറ്റിംഗ് നടത്തിയാൽ ആ ബൂത്തുകളിലെ ഷിഫ്റ്റ് ,ഡെത്ത് എന്നിവയുടെ എണ്ണം പെട്ടെന്ന് കണ്ടുപിടിക്കാനാകുമെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു. ഇരട്ട വോട്ട് തടയാനും വോട്ടറുടെ വ്യക്തിത്വം ഉറപ്പാക്കാനുമാണ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്നും ഇതുമായി ജനങ്ങൾ സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

 

ജില്ലയിൽ ഇതുവരെ 55 .9 ശതമാനം ആധാർ ലിങ്കിംഗ് പൂർത്തിയായതായി ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. 

ജില്ലയിലെ 25,19,199 പേരിൽ 14 ,08273 പേരും വോട്ടർ ഐ ഡി ആധാറുമായി ബന്ധിപ്പിച്ചവരാണ്. ആധാർ ലിങ്കിംഗ് യജ്ഞം തുടരുകയാണെന്നും അവർ പറഞ്ഞു.

 

കലക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ നടന്ന യോഗത്തിൽ കാനത്തിൽ ജമീല എംഎൽഎ, എ.ഡി.എം സി മുഹമ്മദ് റഫീഖ് , ജനപ്രതിനിധികൾ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരായ തഹൽസീദാർമാർ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

date