Skip to main content

ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ഉണര്‍വ് 2022 ന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പൗരന്മാർക്കുമൊപ്പം ഭരണഘടന അനുശാസക്കുന്ന സമത്വം, സ്വാതന്ത്ര്യം, തുല്യ അവസരം, നീതി എന്നിവ ഉറപ്പുവരുത്തുന്നതിന് അം​ഗപരിമിതർക്കായി ഒട്ടനവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. ഭിന്നശേഷിയുള്ളവരെ ചേർത്ത് നിർത്താൻ നമുക്ക് സാധിക്കണം. കുടുംബവും സമൂഹവും ഇത്തരം ആളുകളെ ചേർത്ത് നിർത്തുമ്പോൾ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.  

 

എഡിഎം സി.മുഹമ്മദ് റഫീഖ് പതാക ഉയര്‍ത്തിയതോടെയാണ് പരിപാടി ആരംഭിച്ചത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷത വഹിച്ചു. ഭിന്നശേഷി ക്ഷേമ മേഖലയില്‍ മികച്ച സേവനം ചെയ്ത നാഷണല്‍ സര്‍വീസ് സ്‌കീമിനുള്ള സഹചാരി അവാര്‍ഡും പഠനത്തില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിജയമൃതം പുരസ്‌ക്കാരവും ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു.

 

കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ദിവാകരന്‍ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ജില്ലാ വനിതാ ശിശു വികസന ഓഫീസർ അബ്ദുൾ ബാരി യു , കോഴിക്കോട് എൽ.എൽ.സി കൺവീനർ ടി.കെ മുഹമ്മദ് യൂനസ്, ഭിന്നശേഷി സംഘടനാ പ്രതിനിധികളായ ബാലൻ കാട്ടുമ്മൽ, മടവൂർ സെെനുദ്ദീൻ, എ.കെ അശോകൻ, കെ.മൊയ്തീൻ കോയ, വി.എ യൂസഫ്, അബ്ദുൾ അസീസ്, പി.പീലിദാസൻ, രാജൻ തെക്കെയിൽ, സി.പി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ സ്വാ​ഗതവും സീനിയർ സൂപ്രണ്ട് ബി.രം​ഗരാജ് നന്ദിയും പറഞ്ഞു.

 

ജില്ലയിലെ ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സാമൂഹ്യ നീതി വകുപ്പ് ക്ഷേമ സ്ഥാപനങ്ങളിലെ ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച കര കൗശല വസ്തുക്കളുടെ പ്രദര്‍ശനമേളയും പരിപാടിയുടെ ഭാ​ഗമായി നടന്നു.

 

 

 

 

date