Skip to main content

പരിമിതികള്‍ തടസ്സമായില്ല, മികവാർന്ന പ്രകടനങ്ങളുമായി ഉണര്‍വ് 2022 ഭിന്നശേഷി കലോത്സവം

ശാരീരിക വെല്ലുവിളികള്‍ മറികടന്ന് തങ്ങളുടെ സര്‍ഗ്ഗവാസനകൾ കാണികൾക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലയിലെ ഭിന്നശേഷി കലാകാരന്മാർ. പാട്ടായും നൃത്തച്ചുവടുകളായും അക്ഷരാർത്ഥത്തിൽ കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനത്തിനാണ് കോഴിക്കോട് ടൗണ്‍ ഹാൾ സാക്ഷ്യം വഹിച്ചത്. ലോകഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ഉണര്‍വ്-2022 ലാണ് ഭിന്നശേഷി കലാകാരന്മാർ മാറ്റുരച്ചത്. കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലോത്സവം കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ഹൃദ്യാനുഭവമായി.

 

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ നൂറോളം ആളുകൾ കലോത്സവത്തിൽ പങ്കെടുത്തു. നാടോടി നൃത്തം, കരോക്കേ ​ഗാനം, സംഘനൃത്തം, മെെമിം​ഗ്, ഒപ്പന തുടങ്ങി വിവിധ ഇനങ്ങളിലായി കുട്ടികൾ മുതൽ പ്രായമായവർവരെ പങ്കാളികളായി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനവും വിതരണം ചെയ്തു. 

 

ഭിന്നശേഷിക്കാരുടെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെയും കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. സാമൂഹ്യ നീതി വകുപ്പിലെ ക്ഷേമ സ്ഥാപനങ്ങളിലെ ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച കര കൗശല വസ്തുക്കളുടെ പ്രദര്‍ശനമേളയും പരിപാടിയുടെ ഭാ​ഗമായി നടന്നു.

 

 

 

date