Skip to main content

പ്രാദേശികമായി കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് കേരളോത്സവം:  മന്ത്രി പി. രാജീവ് 

 

പ്രാദേശികമായിട്ടുള്ള കലാ കായിക പ്രതിഭകൾക്ക് അവരുടേതായ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിക്കുന്ന അസുലഭ അവസരമാണ് കേരളോത്സവമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഏലൂർ നഗരസഭാ കേരളോത്സവത്തിന്റെ സമാപനവും സമ്മാനദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ആവേശകരമായാണ് നാട്ടിലാകെ കേരളോത്സവം നടന്നുകൊണ്ടിരിക്കുന്നത്. കളമശ്ശേരി മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന യുവതയ്ക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ രണ്ടാംഘട്ടം കേരളോത്സവത്തിനു ശേഷം ആരംഭിക്കും. ഇത്തരം മത്സരങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ  ലഹരിയുടെ  പിന്നാലെ യുവജനങ്ങൾ പോകില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന യുവജനക്ഷേമ വകുപ്പും ഏലൂർ നഗരസഭയും സംയുക്തമായാണ് കേരളോത്സവം സംഘടിപ്പിച്ചത്. ഷട്ടിൽ ബാഡ്മിന്റൺ, ഫുട്ബോൾ, കബഡി, അത്‌ലറ്റിക്സ്, വോളിബോൾ, ക്രിക്കറ്റ്, ബാസ്ക്കറ്റ് ബോൾ എന്നീ കായിക മത്സരങ്ങളും കലാമത്സരങ്ങളും നടന്നു.  മത്സരങ്ങളിൽ വിജയികളായവർക്ക് മന്ത്രി സമ്മാനദാനം നിർവഹിച്ചു.

പാതാളം ജംഗ്ഷനിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ അധ്യക്ഷത വഹിച്ചു.  ജില്ലാതല കലാ-കായിക മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടാൻ നഗരസഭയിലെ മത്സരാർത്ഥികൾ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 
വൈസ് ചെയർമാൻ ലീലാ ബാബു, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.എം ഷെനിൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അംബികാ ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ദിവ്യാ നോബി, വാർഡ് കൗൺസിലർമാരായ ജയശ്രീ സതീഷ്, കെ.എ മാഹിൻ, പി.ബി ഗോപിനാഥ്, എം.ആർ നീതു, കെ.എം ഇസ്മയിൽ, എസ്. ഷാജി, യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓഡിനേറ്റർ ആർ. രഞ്ജിത്, നഗരസഭാ കോ ഓഡിനേറ്റർ അജീഷ് തുടങ്ങിയവർ പങ്കെടുത്തു.

date