Skip to main content

മുളന്തുരുത്തിയിൽ ഭിന്നശേഷിക്കാർക്കായി  രോഗനിർണയ ക്യാമ്പ് 

 

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2022-23  സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാർക്കായി
നടപ്പാക്കുന്ന  ചലന, ശ്രവണ സഹായികൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ക്യാമ്പ് സംഘടിപ്പിച്ചു. ഉദയംപേരൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോം പോൾ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ് അധ്യക്ഷത വഹിച്ചു. 

മുളന്തുരുത്തി ബ്ലോക്കിനു  പരിധിയിലുള്ള ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂർ, മണീട്, ഉദയംപേരൂർ, എടയ്ക്കട്ടുവയൽ, എന്നീ പഞ്ചായത്തുകളിലെ നാല്പതു ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. 9 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഡോ. സിജി മാധവൻ, ഡോ: കെ.പി.ബിജി എന്നിവരുടെ നേതൃത്വത്തിലാണ് രോഗനിർണ്ണയം നടന്നത്.

ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജൂലിയറ്റ് ടി.ബേബി, പി.കെ.പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.സുബ്രമണ്യൻ, ജലജ മോഹനൻ, ജെയ്നി രാജു, സിജി അനോഷ്, ഉദയംപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, സി.ഡി.പി.ഒ.മാരായ ഡിഫ്‌ന ഡിക്രൂസ്, സൗമ്യ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

date