Skip to main content

കാരിത്താസ് മേൽപ്പാലനിർമാണം ഡിസംബർ അവസാനത്തോടെ ആരംഭിക്കും: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കാരിത്താസ് മേൽപ്പാലനിർമാണം ഡിസംബർ അവസാനത്തോടെ ആരംഭിക്കുമെന്ന് സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മേൽപ്പാലനിർമാണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.സി റോഡിനെയും മെഡിക്കൽ കോളേജ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലുള്ള റെയിൽവേ മേൽപ്പാലം നിരവധി പ്രതിസന്ധികൾ കടന്നാണ് ആരംഭിക്കുന്നത്. അഞ്ച് തവണ ടെൻഡർ വിളിച്ചെങ്കിലും ആരും ടെൻഡർ എടുക്കാൻ തയാറായില്ല. ഇപ്പോൾ ഊരാളുങ്കൽ സൊസൈറ്റിയാണ് ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. 13.61 കോടി രൂപയ്ക്കാണ് പദ്ധതി ടെൻഡറായിരിക്കുന്നത്.
 എത്രയും വേഗം പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നിർമാണമേഖലയിലെ മരം മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് സാമൂഹിക വനം വകുപ്പുവിഭാഗത്തിന് അദ്ദേഹം നിർദേശം നൽകി. വൈദ്യുതി, ജല അതോറിറ്റി, ബി.എസ്.എൻ.എൽ എന്നിവയുടെ പോസ്റ്റുകൾ, പൈപ്പുകൾ എന്നിവ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. നിർമാണത്തിന്റെ ട്രയൽപൈലിങ് ഡിസംബർ അവസാനത്തോടെ ആരംഭിക്കാനും അതേ സമയം തന്നെ നിർമാണ പ്രവർത്തനങ്ങൾക്ക് മദ്രാസ് ഐ.ഐ.ടിയുടെ അംഗീകാരം ഉറപ്പാക്കാനും ഊരാളുങ്കലിനോട് മന്ത്രി നിർദേശിച്ചു. യോഗത്തിൽ തോമസ് ചാഴികാടൻ എം.പി സന്നിഹിതനായിരുന്നു. എല്ലാ വകുപ്പുകളുടെയും ഏകോപനം പദ്ധതിവേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സബ് കളക്ടർ സഫ്ന നസറുദ്ദീൻ, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: കാരിത്താസ് മേൽപ്പാലനിർമാണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു.
(കെ.ഐ.ഒ.പി.ആർ 3008/2022)

date