Skip to main content

കപ്പൽ ജീവനക്കാർ സുരക്ഷിതർ; മോചനം കഴിയുന്നത്ര വേഗത്തിൽ: മുഖ്യമന്ത്രി പിണറായി വിജയൻ കെ. എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയുടെ സബ്‌മിഷനു രേഖാമൂലം മറുപടി

 

ഇക്വറ്റോറിയൽ ഗിനിയയിൽ സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയൻ നാവികസേന തടവിലാക്കിയ ചരക്കു കപ്പലിലെ മലയാളികളടക്കമുള്ള നാവികരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാവികർ സുരക്ഷിതരാണെന്നും അവർ കഴിയുന്ന കപ്പലിലെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടതാണെന്നും നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

വൈപ്പിൻ മണ്ഡലത്തിലെ മുളവുകാട് സ്വദേശി മിൽട്ടൻ ഡിക്കോത്ത് ഉൾപ്പെടെയുള്ള നാവികരുടെ സുരക്ഷയും മോചനവും ഉന്നയിച്ച കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ സബ്‌മിഷന് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ നാവികരെ എത്രയും വേഗം വിട്ടയയ്ക്കാൻ എല്ലാ നിയമസഹായവും ക്ഷേമവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാവികരുടെ മോചനത്തിന് ആവശ്യമായ നിയമസഹായം ഉൾപ്പെടെ നയതന്ത്ര ഇടപെടൽ ശക്തമാക്കണമെന്ന് കേന്ദ്രത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

തുടർ നടപടികൾക്കായി  വിദേശകാര്യ മന്ത്രാലയവും നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കപ്പൽ പിടിക്കപ്പെട്ടതുമുതൽ പ്രശ്‌നത്തിൽ ഇടപെട്ടു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാലുമാസം മുമ്പാണ് മാർഷൽ ഐലൻഡ്‌സ് ദ്വീപുരാജ്യത്ത് രജിസ്റ്റർ ചെയ്‌ത എം. ടി. ഹീറോയിക് ഐഡൻ എന്ന ചരക്കുകപ്പൽ ഗിനിയയിൽ നാവികസേന നിയന്ത്രണത്തിലാക്കിയത്. കപ്പലിൽ മിൽട്ടൺ ഡിക്കോത്തിനു പുറമെ കൊല്ലം സ്വദേശി വിജിത് വി. നായർ, എറണാകുളത്ത് താമസമാക്കിയ വയനാട് സ്വദേശി സനു ജോസ് എന്നിങ്ങനെ മൂന്നു മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമുണ്ട്.

date