Skip to main content

പുനരാവിഷ്‌കൃത സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി

 

 

27 ഇനം വിളകള്‍ക്ക് പരിരക്ഷ

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നേരിട്ട് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് പുനരാവിഷ്‌കൃത സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി. വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം/ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് അധിഷ്ടിതമായി നഷ്ടപരിഹാരം നല്‍കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം നെല്ല്, വാഴ, മരച്ചീനി, കുരുമുളക്, മഞ്ഞള്‍, കവുങ്ങ്, പച്ചക്കറികളായ പടവലം, പാവല്‍, പയര്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക് തുടങ്ങിയ 27 ഇനം വിളകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. നെല്‍കൃഷിക്ക് രോഗകീടബാധ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും പദ്ധതിയുടെ സംരക്ഷണം ലഭിക്കും. രോഗകീടബാധ കൃഷിഭവനില്‍ അറിയിച്ച് വേണ്ട നടപടികള്‍ എടുത്തതിന് ശേഷവും നഷ്ടമുണ്ടായാല്‍ മാത്രമേ നഷ്ടപരിഹാര തുകയ്ക്ക് അര്‍ഹതയുണ്ടാകൂ.

അപേക്ഷ https://www.aims.kerala.gov.in/user/login_page പോര്‍ട്ടല്‍ മുഖേന

കൃഷിഭവനുകള്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ അംഗമാകാന്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ (https://www.aims.kerala.gov.in/user/login_page) മുഖേനയാണ് അപേക്ഷിക്കേണ്ടത്. കരം തീര്‍ത്ത രസീത്, ഫോട്ടോ, ആധാര്‍, ബാങ്ക് പാസ്ബുക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടകരാര്‍ എന്നിവയുടെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കണം. അംഗീകരിച്ച പ്രീമിയം തുക നേരിട്ട് ഓണലൈനായി അടക്കുന്നതിന് പോര്‍ട്ടലില്‍ സൗകര്യമുണ്ട്. പ്രീമിയം അംഗീകരിച്ച് 10 ദിവസത്തിനകം ഇത് അടക്കാത്ത അപേക്ഷകള്‍ ഒഴിവാക്കപ്പെടും. പ്രീമിയം അടച്ചാലുടന്‍ പോളിസി ഓണ്‍ലൈനായി കര്‍ഷകര്‍ക്ക് തന്നെ ഡൗണ്‍ലോഡ് ചെയ്യാം. പ്രീമിയം തുക അടച്ച ദിവസം മുതല്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
 

സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാകാം

 

കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലും നിബന്ധനകള്‍ക്കും വിധേയമായി പ്രീമിയം തുക അടച്ച് കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ചേരാം. സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. നെല്‍കൃഷിയില്‍ ഗ്രൂപ്പ് ഫാര്‍മിങ് നിലവിലുള്ള പാടശേഖരങ്ങളില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലോ വ്യക്തിഗത അടിസ്ഥാനത്തിലോ ചേരാം. വിളകള്‍ക്കുണ്ടാകുന്ന പൂര്‍ണ നാശത്തിന് മാത്രമേ ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകൂ. അത്യാഹിതം സംഭവിക്കുമ്പോള്‍ നാശനഷ്ടം പരമാവധി കുറക്കുന്നതിന് കര്‍ഷകര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരിക്കണം.

 

നെല്‍കൃഷിയില്‍ 50 ശതമാനത്തിലധികം നാശമുണ്ടായാല്‍ പൂര്‍ണ നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാരം

ഉത്പാദന ക്ഷമത കുറഞ്ഞതും പ്രായാധിക്യം ഉള്ളതുമായ വൃക്ഷ വിളകളെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. നെല്‍കൃഷിക്ക് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി അനുസരിച്ച് നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ 50 ശതമാനത്തിലധികം നാശനഷ്ടം ഉണ്ടായാല്‍ അത് പൂര്‍ണനാശനഷ്ടമായി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കും.
ഇഞ്ചി, മഞ്ഞള്‍, നിലക്കടല, എള്ള്, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, മരച്ചീനി, മറ്റ് കിഴങ്ങ് വര്‍ഗങ്ങള്‍, ഏലം, വെറ്റില എന്നീ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ചെയ്ത് വിസ്തൃതിയുടെ കുറഞ്ഞത് 10 ശതമാനം നാശനഷ്ടമുണ്ടായാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ഹ്രസ്വകാലവിളകളുടെ ഇന്‍ഷുറന്‍സ് കാലയളവ് പ്രീമിയം അടച്ച് ഒരാഴ്ച മുതല്‍ വിളവെടുപ്പ് തുടങ്ങുന്നത് വരെയാണ്. ദീര്‍ഘകാലവിളകള്‍ക്ക് നട്ട് നിശ്ചിത സമയം മുതല്‍ കായ്ച്ച് തുടങ്ങുന്നത് വരെയുള്ള കാലത്തേക്ക് പ്രത്യേക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സംരക്ഷണം ലഭിക്കും. കര്‍ഷകന് ഒരു പോളിസിയിന്മേല്‍ ഒന്നില്‍ കൂടുതല്‍ തവണ ക്ലെയിമിന് അപേക്ഷിക്കാം. എന്നാല്‍ ഒരു തീയതിയില്‍ ഒരു അപേക്ഷ മാത്രമേ നല്‍കാനാകൂ.
അത്യാഹിതം സംഭവിച്ചാല്‍ നേരിട്ടോ അല്ലാതെയോ കൃഷിഭവന്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് എഫ്.ഐ.ആര്‍ രേഖപ്പെടുത്തണം. 15 ദിവസത്തിനകം വെബ്‌പോര്‍ട്ടല്‍ വഴിയോ എയിംസ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം. കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധനയ്ക്ക് എത്തുന്നത് വരെ നാശനഷ്ടം സംഭവിച്ച വിള അതേപടി നിലനിര്‍ത്തണം. പരിശോധനയില്‍ നഷ്ടപരിഹാരത്തിന് അര്‍ഹമാണെന്ന് കാണുന്ന അപേക്ഷകള്‍ക്ക് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി കര്‍ഷകന് അക്കൗണ്ട് വഴി നഷ്ടപരിഹാരം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുകളില്‍ ലഭിക്കും.

അപേക്ഷ നല്‍കേണ്ടവിധം

പ്രകൃതിക്ഷോഭം/വന്യമൃഗങ്ങളുടെ ആക്രമണം കാരണമുള്ള വിളനാശം സംഭവിച്ച് 15 ദിവസത്തിനകം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം കരം തീര്‍ത്ത രസീത്, പോളിസി, ഫോട്ടോ എന്നിവ വേണം. അപേക്ഷാ ഫീസില്ല. പ്രീമിയം തുക അടച്ച് ഏഴ് ദിവസത്തിനുശേഷം ഇന്‍ഷുര്‍ ചെയ്ത കാലയളവിനകം വിളനാശം സംഭവിച്ചാല്‍ ആനുകൂല്യം ലഭ്യമാകുന്നതിന് അര്‍ഹതയുണ്ടായിരിക്കും. അഞ്ചുദിവസത്തിനകം ഫീല്‍ഡ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ക്ലെയിമിന്റെ സ്വഭാവം അനുസരിച്ച് പരമാവധി മൂന്നുമാസത്തിനകം ആനുകൂല്യം ലഭിക്കും.
പ്രകൃതിക്ഷോഭം കാരണം വിളനാശത്തിന് ആനുകൂല്യം ലഭ്യമാകുന്നതിന് എയിംസ് പോര്‍ട്ടല്‍ മുഖേന വിളനാശം സംഭവിച്ച് 10 ദിവസത്തിനകം അപേക്ഷയും കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ്, ഫോട്ടോ കൃഷിഭവനില്‍ നല്‍കണം. അപേക്ഷാ ഫീസില്ല. ആനുകൂല്യം ഫണ്ടിന്റെ ലഭ്യത അനുസരിച്ച് മുന്‍ഗണനാ ക്രമത്തില്‍ അക്കൗണ്ട് വഴി കര്‍ഷകര്‍ക്ക് നല്‍കും.

date