Skip to main content

നാലുനാള്‍ അരങ്ങുതകര്‍ക്കാന്‍ യുവത; ജില്ലാ കേരളോത്സവത്തിന് ഇന്ന് തിരിതെളിയും

മൈതാനവും അരങ്ങും ഉണര്‍ന്നു. ഇനിയുള്ള നാലുനാളുകള്‍ ജില്ലയിലെ യുവജനതയ്ക്ക് കലാകായിക മാമാങ്കത്തിന്റെ ആവേശം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, കേരള യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല കേരളോത്സവത്തിന് ഇന്ന് മലയിന്‍കീഴ് തിരിതെളിയും. ഡിസംബര്‍ 8, 9 തിയതികളില്‍ കായികമത്സരങ്ങളും 9,10,11 തിയതികളില്‍ കലാമത്സരങ്ങളും അരങ്ങേറും. കായികമത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 08) രാവിലെ 8 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ കോവളം എം.എല്‍.എ എ വിന്‍സെന്റ് നിര്‍വഹിക്കും. വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ട്, വെങ്ങാനൂര്‍ വി.പി.എസ് മലങ്കര ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്റ്റേഡിയം, മാറനല്ലൂര്‍ കണ്ടല ഷാസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, പൂങ്കോട് രാജീവ്ഗാന്ധി നാഷണല്‍ സ്വിമ്മിംഗ് പൂള്‍ എന്നിവിടങ്ങളാണ് കായികമത്സര വേദി.

 

കലാമത്സരങ്ങള്‍

അഞ്ച് വേദികളിലായി കലാമത്സരങ്ങള്‍ക്ക് നാളെ ( ഡിസംബര്‍ 9 ) തുടക്കമാവും. മലയിന്‍കീഴ് വി.ബി.എച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 ന് പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍ അനില്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഐ.ബി. സതീഷ് എം.എല്‍.എ അധ്യക്ഷനാകും. മലയിന്‍കീഴ് വി.ബി.എച്.എസ്.എസ്, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവടങ്ങളിലാണ് വേദികള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 11 ന് വൈകിട്ട് സാംസ്‌കാരിക ഘോഷയാത്രയോടും സമാപന സമ്മേളനത്തോടും കൂടി കേരളോത്സവം സമാപിക്കും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

 

ലഹരിവിരുദ്ധ ബോധവല്‍കരണ കൂട്ടയോട്ടം

ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് (ഡിസംബര്‍ 8) 4.30ന് മലയിന്‍കീഴ് ജംഗ്ഷനില്‍ ലഹരിവിരുദ്ധ ബോധവല്‍കരണ സമ്മേളനം നടക്കും. ഇതോടനുബന്ധിച്ച് തച്ചോട്ട്കാവ് ജംഗ്ഷന്‍ മുതല്‍ മലയിന്‍കീഴ് വരെ ആവേശ കൂട്ടയോട്ടവും സംഘടിപ്പിച്ചിട്ടുണ്ട്. പൊതുസമ്മേളനം ഗതാഗത വകുപ്പു മന്ത്രി ആന്‍രണി രാജു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രസീത ചാലക്കുടി നയിക്കുന്ന മെഗാഷോ അരങ്ങേറും.

date