Skip to main content

കെമിക്കൽ എമർജൻസി മോക്ക് ഡ്രിൽ: ഒരുക്കങ്ങൾ പൂർത്തിയായി കളമശ്ശേരി തോഷിബ ജംഗ്ഷനിൽ ബുധനാഴ്ച (07)

 

കളമശ്ശേരി തോഷിബ ജംഗ്ഷനിൽ ബുധനാഴ്ച്ച (ഡിസംബർ 07) രാവിലെ 10.30 ന് നടക്കുന്ന കെമിക്കൽ എമർജൻസി മോക്ക് ഡ്രില്ലിനോടനുബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാ ദുരന്ത നിവാരണ  അതോറിറ്റിയുടെ നേതൃത്വത്തിൽ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
കളമശ്ശേരി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. വാഹനങ്ങൾ വഴി തിരിച്ചുവിടും. ജനങ്ങളെ ഒഴിപ്പിക്കൽ, ജനത്തിരക്ക് നിയന്ത്രണം എന്നീ ക്രമീകരണങ്ങളും ഉറപ്പു വരുത്തി. 

കളമശ്ശേരി - തൃക്കാക്കര സീ പോർട്ട് എയർപോർട്ട് റോഡ്, തൃപ്പൂണിത്തറ - ഇരുമ്പനം ഭാഗത്തു നിന്നും വരുന്ന ഭാര വാഹനങ്ങൾക്ക്  രാവിലെ 10 മുതൽ 11.30 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കളമശ്ശേരി കിന്റർ ആശുപത്രി, തൃക്കാക്കര സൺറൈസ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യസഹായവും ഉറപ്പു വരുത്തിയിട്ടുണ്ട്. ഫയർ ആന്റ് റസ്ക്യൂ വകുപ്പിന്റെ  രണ്ട് ഫയർ എഞ്ചിനുകൾ സജ്ജമാക്കും.
ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ  ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള രണ്ട് വാഹനങ്ങളും പത്ത് വോളന്റിയർമാരുടെ സേവനവും ലഭ്യമാകും. കളമശ്ശേരി ജലവിതരണ സബ് ഡിവിഷന്റെ നേതൃത്വത്തിൽ ജലലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.

കളമശ്ശേരി നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റേയും ഇന്റർ ഏജൻസി ഗ്രൂപ്പുകളുടേയും ഓരോ ആംബുലൻസുകൾ വീതം മോക്ക് ഡ്രില്ലിനായി ലഭ്യമാക്കിയിട്ടുണ്ട്. നഗരസഭയുടെ 11, 22 വാർഡ് പരിധികളിലായാണ് മോക്ക് ഡ്രിൽ നടപ്പിലാക്കുന്നത്. ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വാർഡ് കൗൺസിലർമാരെ ചുമതലപ്പെടുത്തിയിട്ടുള്ളതായി നഗരസഭാ സെക്രട്ടറി യോഗത്തിൽ അറിയിച്ചു.

ജില്ലയില്‍ ഇന്ധന ചോർച്ച, പാചകവാതക ചോർച്ച തുടങ്ങിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍  പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ്ണ സജ്ജമാക്കുക, ഇത്തരം അപകട സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്തുക  എന്നീ ലക്ഷ്യങ്ങളോടെയാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. 
 
ഓൺ ലൈനായി നടന്ന ആലോചനാ യോഗത്തിലാണ്  ഒരുക്കങ്ങൾ വിലയിരുത്തിയത്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാരായ പി.ബി സുനിൽ ലാൽ, ഉഷ ബിന്ദു മോൾ, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് ജോയിൻ്റ് ഡയറക്ടർ സൂരജ് ആർ. കൃഷ്ണൻ,  സിറ്റി പൊലീസ് കൺട്രോൾ റൂം എ.സി.പി സാജൻ സേവ്യർ,  തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.കെ.ആർ എൽ, ഫാക്ട്, ബിപിസിഎൽ തുടങ്ങിയ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ മോക്ക് ഡ്രില്ലിൽ നിരീക്ഷകരായി പങ്കെടുക്കും.

date