Skip to main content

എം.ജി സർവകലാശാലാ അക്കാദമിക് കാർണിവൽ; ലോഗോ ഇന്ന് എറണാകുളത്ത് പ്രകാശനം ചെയ്യും

 

ജനുവരി 17 മുതൽ 19 വരെ കോട്ടയത്തു നടക്കുന്ന മഹാത്മാ ഗാന്ധി സർവകലാശാലാ ഗ്ലോബൽ അക്കാദമിക് കാർണിവൽ -യുനോയ 2023ൻറെ ലോഗോ പ്രകാശനം  ഇന്ന്(ഡിസംബർ 7 ബുധൻ) എറണാകുളം മഹാരാജാസ് കോളജിൽ നടക്കും. ഉച്ചയ്ക്ക് 2.30ന് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ പ്രകാശന കർമ്മം നിർവഹിക്കും.

ചലച്ചിത്ര സംവിധായകൻ കമൽ അക്കാദമിക് കാർണിവലിൻറെ പ്രഖ്യാപനം നടത്തും. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ മുഖ്യ പ്രഭാഷണം നിർവഹിക്കും.

സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. ജോസ്, ഡോ. ഷാജില ബീവി, ഡോ. ബിജു തോമസ്,  പി. ഹരികൃഷ്ണൻ, സർവകലാശാലാ രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ തുടങ്ങിയവർ സംസാരിക്കും. കോളജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും. മഹാരാജാസ് കോളജ് വിദ്യാർഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും.

സർവകലാശാലയിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും അക്കാദമിക ഗവേഷണ പ്രോഗ്രാമുകൾ, സ്റ്റാർട്ട് അപ്, ട്രാൻസ്ലേഷണൽ റിസർച്ചുകൾ തുടങ്ങിയവയെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവു നൽകുന്നതിന് ലക്ഷ്യമിട്ടാണ് ഗ്ലോബൽ കാർണിവൽ സംഘടിപ്പിക്കുന്നത്.

കോട്ടയം മാമ്മൻ മാപ്പിള ഹാൾ, തിരുനക്കര മൈതാനം, ഇൻഡോർ സ്റ്റേഡിയം, നഗരത്തിലെ വിവിധ കോളേജുകൾ എന്നിവിടങ്ങളാണ് പരിപാടിക്ക് വേദികളാകുക.  അക്കാദമിക് മേഖലയിലെ വിദഗ്ധരും ഗവേഷകരും പങ്കെടുക്കുന്ന സംവാദങ്ങൾ, ചർച്ചകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രസാധകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രദർശനം, കലാ സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ കാർണിവലിൻറെ ഭാഗമായി നടക്കും.

date