Skip to main content

തൊഴില്‍സഭ പങ്കാളികള്‍ക്ക് പരിശീലനം നല്‍കാന്‍ വടക്കാഞ്ചേരി നഗരസഭ 

 

തൊഴിലന്വേഷകര്‍ക്ക് യോജിച്ച തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തൊഴില്‍സഭയിലെ പങ്കാളികള്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ ആരംഭിക്കാന്‍ വടക്കാഞ്ചേരി നഗരസഭ. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരിശീലനം, അഭിമുഖ പരിശീലനം, പിഎസ്‌സി-യുപിഎസ്‌സി തുടങ്ങി മത്സര പരീക്ഷകള്‍ക്കായുള്ള പരിശീലനം എന്നിവയാണ് പ്രധാന പരിപാടികള്‍.

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആദ്യമായി തൊഴില്‍സഭ രൂപീകരിച്ചതും പൂര്‍ത്തിയാക്കിയതും വടക്കാഞ്ചേരി നഗരസഭയാണ്. തൊഴില്‍സഭാ യോഗങ്ങളില്‍ പങ്കെടുത്തവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് മത്സര പരീക്ഷകള്‍ക്ക് പങ്കെടുക്കുന്നതിനുള്ള പ്രായോഗിക അനുഭവക്കുറവും ഇംഗ്ലീഷ് ഭാഷയിലുള്ള വിനിമയ ശേഷിക്കുറവും അഭിമുഖങ്ങളെ നേരിടുന്നതിനുള്ള ആത്മ വിശ്വാസക്കുറവും പരിഹരിക്കണം എന്നതായിരുന്നു. തൊഴില്‍സഭ പങ്കാളികളുടെ ഈ ആവശ്യം നടപ്പാക്കുക എന്നതാണ് നഗരസഭ കാണ്‍സില്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ അറിയിച്ചു.

അസാപ്പ് (ASAP) മുഖേനയാണ് പരിശീലന പരിപാടികള്‍ നടപ്പാക്കുന്നത്. അസാപ്പുമായി ഉടന്‍ കരാര്‍ ഒപ്പ് വയ്ക്കും. പരിശീലന പരിപാടികളുടെ മോഡ്യൂള്‍ തയ്യാറാക്കുന്നതും അസാപ്പ് ആണ്. ആധുനിക തൊഴില്‍ അന്തരീക്ഷത്തില്‍ വിജയിക്കുന്നതിന് ആവശ്യമായ സോഫ്റ്റ് സ്‌കില്‍ ഉപയോഗിച്ച് പഠിതാക്കളെ മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. വ്യക്തിപരവും സാമൂഹികവും തൊഴില്‍പരവുമായ മേഖലകളിലെ വിജയത്തിന് ഉദ്യോഗാര്‍ത്ഥികളുടെ കഴിവുകളെ പോസിറ്റീവായി വിജയിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

date