Skip to main content

ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ 'കേരഗ്രാമം' പദ്ധതിയ്ക്ക് തുടക്കം 

നാളികേര കൃഷിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന  കേരഗ്രാമം പദ്ധതിയും തെങ്ങിൻ തൈകളുടെ വിതരണവും   വി. ശശി എം. എൽ. എ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് മണ്ഡലത്തിലെ പാരമ്പരാഗത കയർ വ്യവസായത്തിന് പുത്തനുണർവ് നൽകാൻ സാധിക്കും വിധമാണ്  കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

തെങ്ങിന്റെ തടം തുറക്കൽ, പുതയിടൽ, ജലസേചന പമ്പ് സെറ്റുകളുടെ വിതരണം, തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം, ജൈവവളം-കീടനാശിനി വിതരണം, ഗുണനിലവാരമുള്ള തെങ്ങിൻ തൈകൾ നടീൽ, ഇടവിള കൃഷി പ്രോത്സാഹനം തുടങ്ങിയവയാണ്  കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരഗ്രാമം പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കൃഷി വകുപ്പ് 25.67 ലക്ഷം രൂപ വിനിയോഗിക്കും.
കേരസമിതികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 100 ഹെക്ടറിൽ 17500 തെങ്ങുകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. 

ഇതിനോടനുബന്ധിച്ച്  കാർഷിക സെമിനാറുകൾ, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ കിസാൻമേള, വിവിധ വകുപ്പുകളുടെ പ്രദർശന- വിപണന  സ്റ്റാളുകൾ, പച്ചക്കറി തൈകളുടെ വിതരണം എന്നിവ ഒരുക്കിയിരുന്നു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. മുരളി അധ്യക്ഷത വഹിച്ച പരിപാടിയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ  തുടങ്ങിയവരും പങ്കെടുത്തു.

date