Skip to main content
chief minister eating payasam

രക്തശാലി അരിയുടെ പായസം  രുചിച്ച് മുഖ്യമന്ത്രി 

ആലുവയിലെ സംസ്ഥാന സീഡ് ഫാം സന്ദര്‍ശിച്ചു

    കേരളത്തിന്റെ പരമ്പരാഗത നെല്ലിനമായ രക്തശാലി അരിയുടെ പായസം രുചിച്ചറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയി ആലുവ തുരുത്ത് സീഡ് ഫാം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശനത്തിനിടെയാണ് രക്തശാലി പായസം കഴിച്ചത്. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും ഔഷധ മൂല്യവുമുള്ള രക്തശാലി അരി ആലുവ ഫാമിലെ പ്രധാന വിളയാണ്.

          കാര്‍ബണ്‍ ന്യൂട്രല്‍ ഫാം പ്രഖ്യാപന ശിലാഫലകം മുഖ്യമന്ത്രി ഫാമില്‍ അനാച്ഛാദനം ചെയ്തു. ആലുവ പാലസില്‍ നിന്നും ബോട്ട് മാര്‍ഗമാണ് മുഖ്യമന്ത്രി എത്തിയത്.  ഫാമിന്റെ പ്രവര്‍ത്തന രീതികള്‍ മുഖ്യമന്ത്രി നേരില്‍ കണ്ട് മനസിലാക്കി. അവിടത്തെ പ്രധാന ആകര്‍ഷണമായ ലൈവ് റൈസ് മ്യൂസിയത്തില്‍ രക്തശാലി നെല്‍ച്ചെടികള്‍ക്കിടയില്‍ ജപ്പാന്‍ നെല്‍ച്ചെടികള്‍ ഉപയോഗിച്ച് കാല്‍പ്പാദത്തിന്റെ മാതൃകയില്‍ (പാഡി ആര്‍ട്ട്) നട്ടിരിക്കുന്നത് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. 

    ആലുവ പാലസില്‍ താമസിച്ചിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വേനല്‍ക്കാല കൃഷിക്ക് ഉപയോഗിച്ചിരുന്ന ഭൂമിയാണിത്. നാടന്‍ നെല്ലിനമായ രക്തശാലി മുതല്‍ മാജിക്ക് റൈസ് എന്ന വിളിപ്പേരുള്ള കുമോള്‍ റൈസ് വരെ ആലുവ തുരുത്തിലെ സീഡ് ഫാമില്‍ നിലവില്‍ കൃഷി ചെയ്യുന്നുണ്ട്. നെല്ലും താറാവും എന്ന കൃഷി രീതിയാണ് ഇവിടത്തെ കൃഷി. 

    വടക്കന്‍ വെള്ളരി കൈമ, വെള്ളത്തുണ്ടി, ഞവര, ജപ്പാന്‍ വയലറ്റ് എന്നിവയും അത്യുല്പാദനശേഷിയുള്ള പൗര്‍ണമി, പ്രത്യാശ, മനുരത്ന തുടങ്ങിയ അപൂര്‍വ്വ ഇനം നെല്ലിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നു.

    കാസര്‍ഗോഡ് കുള്ളന്‍ പശുക്കളും, മലബാറി ആടുകള്‍, കുട്ടനാടന്‍ താറാവുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ തരം പച്ചക്കറികള്‍, പൂച്ചെടികള്‍, മത്സ്യ കൃഷി എന്നിവയെല്ലാം ചേര്‍ന്ന സംയോജിത കൃഷിരീതിയാണു ഫാമിനെ വേറിട്ടു നിര്‍ത്തുന്നത്.

    25 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്കു വീതം കാര്‍ഷിക പരിശീലന ക്ലാസുകളും നല്‍കുന്നു. ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കു നേരിട്ടു വാങ്ങുന്നതിനായി ഔട്ട്‌ലറ്റ് മെട്രോ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

    കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എന്നിവര്‍ മുഖ്യമന്ത്രിക്ക് ഒപ്പം ഫാം സന്ദര്‍ശിച്ചു. ഫാമില്‍ മുഖ്യമന്ത്രി മാംഗോസ്റ്റീന്‍ തൈ നട്ടു. മന്ത്രി പി.പ്രസാദ്  മിറാക്കിള്‍ ഫ്രൂട്ട് തൈയും മന്ത്രി പി. രാജീവ് പേരയും നട്ടു.

    ജെബി മേത്തര്‍ എം.പി, അഡ്വ. അന്‍വര്‍ സാദത്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഇഷിത റോയ്, കൃഷി വകപ്പ് സെക്രട്ടറി ഡോ.ബി.അശോക്, പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്, കൃഷി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്  ജോര്‍ജ് അലക്‌സാണ്ടര്‍, കൃഷി അഡീഷല്‍ ഡയറക്ടര്‍ ആര്‍.വീണാ റാണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.രാജി ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍, ഫാം കൃഷി അസി.ഡയറക്ടര്‍ ലിസിമോള്‍ ജെ വടക്കൂട്ട്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
     ആലുവ സ്റ്റേറ്റ് സീഡ് ഫാം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസി മോള്‍ ജെ. വടക്കൂട്ട് ഫാമിലെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

date