Skip to main content

വയലാർ രവി യുവത്വത്തിന്റെ ഊർജം പ്രസരിപ്പിച്ച നേതാവ്: മുഖ്യമന്ത്രി പിണറായി വിജയൻ

 

യുവത്വത്തിന്റെ ഊർജം പ്രസരിപ്പിച്ച നേതാവാണ് വയലാർ രവി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗൺഹാളിൽ
എറണാകുളം പ്രസ് ക്ലബ്ബിന്റെ പി.എസ്. ജോൺ എൻഡോവ്മെന്റ് അവാർഡ് വയലാർ രവിക്ക് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ രാഷ്ട്രീയത്തിന് കേരളം നൽകിയ സംഭാവനയാണ് വയലാർ രവി. ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖരായ കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് വയലാർ രവി. പ്രഗത്ഭനായ പാർലമെന്റേറിയൻ, സമർഥനായ നിയമസഭാ സാമാജികൻ, കാര്യക്ഷമതയുള്ള ഭരണാധികാരി,  ഉജ്വലമായ പ്രസംഗ വൈഭവമുള്ള നേതാവ് - വയലാർ രവിക്ക് വിശേഷണങ്ങൾ ഏറെയാണ്. കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായിരുന്നപ്പോൾ കേരളത്തിന്റെ പൊതുതാത്പര്യം മുൻ നിർത്തി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കേന്ദ്രത്തിൽ പ്രവാസി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ വയലാർ രവി ചെയ്ത കാര്യങ്ങൾ ഇന്നും നന്ദിയോടെ സ്മരിക്കുന്നവരുണ്ട്. വയലാർ രവിയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ മേഴ്സി രവിയെക്കുറിച്ച് പറയാതിരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാതൃകാപരമായ പാരസ്പര്യമാണ് ഇരുവർക്കുമിടയിലുണ്ടായിരുന്നത്. മേഴ്സി രവിയുടെ അകാല വേർപാട് രവിയെ ചിറകൊടിഞ്ഞ പറവയേപ്പോലെയാക്കി. ജാതി മത ചിന്തകളില്ലാതെ നന്മയെ നന്മയായി കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വിശാലമായ മാനവിക കാഴ്ചപ്പാട് അദ്ദേഹത്തിന്റെ പാർട്ടിയിലെ പുതുതലമുറ സ്വന്തം ജീവിതത്തിലും പ്രവൃത്തിയിലും പകർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ രാഷ്ട്രീയമായി എതിർക്കുമ്പോഴും വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിച്ച നേതാവാണ് വയലാർ രവി. നല്ല മൂല്യങ്ങൾ ഉൾക്കൊള്ളാൻ കോൺഗ്രസ് പാർട്ടിയിലെ പുതുതലമുറ തയാറാകണം. 

പത്രപ്രവർത്തകനായ പി.എസ്. ജോണും വയലാർ രവിയും പരസ്പരം നന്നായി അറിഞ്ഞവരും അടുത്ത് പ്രവർത്തിച്ചവരുമാണ്. അതുകൊണ്ടു തന്നെ ഈ അവാർഡ് സമർപ്പണത്തിന് അതിന്റേതായ ഔചിത്യ ഭംഗിയുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മാധ്യമപ്രവർത്തനത്തിനപ്പുറം സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും പ്രസ് ക്ലബ്ബ് വ്യാപരിക്കുന്നത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. എറണാകുളം പ്രസ് ക്ലബ്ബിന്റെ ഉപഹാരം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
മലയാള മനോരമ സീനിയർ അസോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് കെ. ജിജീഷ് പ്രശസ്തി പത്രം അവതരിപ്പിച്ചു. 

മേയർ എം. അനിൽ കുമാർ, ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ,  പ്രസ് ക്ലബ്ബ് സെക്രട്ടറി എം. സൂഫി മുഹമ്മദ്, കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് എം.വി. വിനീത, പ്രസ് ക്ലബ് ട്രഷറർ മനു ഷെല്ലി തുടങ്ങിയവർ പങ്കെടുത്തു.

date