Skip to main content
cial

സിയാലിന്റെ   ബിസിനസ് ജെറ്റ് ടെർമിനൽ  നാടിന് സമർപ്പിച്ചു. പൊതുമേഖല കാലോചിതമായാൽ നാടിൻ്റെ പുരോഗതിക്ക് ആക്കം കൂടും: മുഖ്യമന്ത്രി 

 

പൊതുമേഖലയിലെ കമ്പനികള്‍ മാതൃകാപരമായും കാലോചിതമായും മുമ്പോട്ടു കൊണ്ടുപോയാൽ   അവയുടെ വളര്‍ച്ച ഉറപ്പുവരുത്താനും അങ്ങനെ നാടിന്‍റെ പുരോഗതിക്ക് ആക്കം കൂട്ടാനും കഴിയുമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.
“കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗതാഗത സംവിധാനങ്ങളുടെ നവീകരണം. റോഡുകള്‍, റെയില്‍ ഗതാഗതം, ജലഗതാഗതം, വ്യോമ ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും സമാന്തരമായ വികസനം നടപ്പാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള വ്യാവസായിക മുന്നേറ്റം സാധ്യമാവുകയുള്ളൂ. ഇതിനുതകുന്ന വിധമുള്ള പദ്ധതികള്‍ ഈ നാലു മേഖലകളിലും ആവിഷ്ക്കരിച്ച് മുന്നോട്ടു പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍”. 
 
 “പുതിയ പദ്ധതികള്‍ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിന് മുമ്പുതന്നെ തൃപ്തികരമായി അവ പൂര്‍ത്തിയാക്കാനും സിയാല്‍ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും നവീനമായ ഒട്ടേറെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ സിയാല്‍ ഏറ്റെടുത്ത് നടപ്പിലാക്കി. അവയാകട്ടെ കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് മുക്തിനേടാന്‍ സിയാലിന് സഹായകമായി. അതിന്‍റെകൂടി ഫലമായാണ് യാത്രക്കാരുടെ എണ്ണത്തില്‍ 92.66 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 60.06 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ സിയാലിന് കഴിഞ്ഞത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കൊച്ചി വിമാനത്താവളം ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്”, അദ്ദേഹം അഭിപ്രായപ്പെട്ടു. 
“കോവിഡ് മഹാമാരിക്കു ശേഷമുള്ള ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകളുടെ ഉള്‍പ്പെടെ ഫലമായി വ്യവസായ, സേവന മേഖലകളില്‍ പുരോഗതി കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം വര്‍ഷത്തില്‍ 12.01 ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് കേന്ദ്ര ഇക്കണോമിക് & സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ദേശീയ ശരാശരിക്കും മുകളിലാണ്. കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖല 114.03 ശതമാനവും വ്യോമയാന മേഖല 74.94 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്. വളര്‍ന്നുകൊണ്ടേയിരിക്കുന്ന നമ്മുടെ ഹോസ്പിറ്റാലിറ്റി മേഖലയെയും വ്യോമയാന മേഖലയെയും  സമന്വയിപ്പിക്കുക എന്ന ലക്ഷ്യംകൂടി സിയാലിന്‍റെ ഈ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പദ്ധതിയ്ക്കുണ്ട്”, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 
ചുരുങ്ങിയ ബജറ്റിൽ 10 മാസത്തിനുള്ളിൽ ഇത്തരമൊരു അഭിമാനകരമായ പദ്ധതി പൂർത്തിയാക്കിയ സിയാലിന്റെ വൈദഗ്ധ്യത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
വ്യവസായ- നിയമ- കയർ വകുപ്പ് മന്ത്രിയും സിയാൽ ഡയറക്ടറുമായ ശ്രീ. പി.രാജീവ് അധ്യക്ഷനായിരുന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്. സുഹാസ് ഐ.എ.എസ് സ്വാഗതം ചെയ്ത ചടങ്ങിൽ സിയാൽ ഡയറക്ടർ ശ്രീ. എം. എ. യൂസഫലി ആമുഖ പ്രഭാഷണം നടത്തി. റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രിയും സിയാൽ ഡയറക്ടറുമായ അഡ്വ. കെ. രാജൻ, പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. സിയാൽ ഡയറക്ടർമാരായ കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസ്, ശ്രീ. ഇ.കെ. ഭരത് ഭൂഷൻ, ശ്രീമതി. അരുണ സുന്ദരരാജൻ, ശ്രീ. എൻ.വി. ജോർജ്; ജനപ്രതിനിധികളായ ശ്രീ. അൻവർ സാദത്ത് എം.എൽ.എ, ശ്രീ. റോജി എം.ജോൺ എം.എൽ.എ, ശ്രീ. ബെന്നി ബഹനാൻ എം.പി, ശ്രീ. ഹൈബി ഈഡൻ എം.പി, ശ്രീ. റെജി മാത്യു, ശ്രീ. പി.വി.കുഞ്ഞ്, ശ്രീ. കെ.സി.മാർട്ടിൻ, ശ്രീമതി. ഗ്രേസി ദയാനന്ദൻ, ശ്രീമതി. ശോഭ ഭരതൻ, എന്നീ പ്രമുഖരും പങ്കെടുത്തു. സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. എ.എം. ഷബീർ കൃതജ്ഞത രേഖപ്പെടുത്തി.

ബിസിനസ് ജെറ്റ് ടെർമിനൽ: സിയാലിൻ്റെ  അർപ്പണ മനോഭാവത്തിന് ഉദാഹരണം 

ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കായി രണ്ട് ടെര്‍മിനലുകളുള്ള കൊച്ചി വിമാനത്താവളത്തില്‍, മൂന്നാമതൊരു ടെര്‍മിനല്‍ കൂടി സജ്ജമായിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. ചാര്‍ട്ടർ വിമാനങ്ങള്‍ക്കും സ്വകാര്യവിമാനങ്ങള്‍ക്കും അവയിലെ യാത്രക്കാര്‍ക്കും പ്രത്യേക സേവനം നല്‍കുക എന്നതാണ് സാധാരണ നിലയ്ക്ക് ബിസിനസ് ജെറ്റ് ടെര്‍മിനലുകളുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാലിവിടെ ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേയ്ക്ക്  കൂടി തുടക്കമാവുകയാണ്. ഇതോടെ  രാജ്യത്തെ നാല് എലൈറ്റ് ക്ലബ്ബ് വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് കൊച്ചി വിമാനത്താവളവും ഉയർന്നു. ചാര്‍ട്ടര്‍ ഗേറ്റ് വേ  എന്ന ആശയം സാക്ഷാത്ക്കരിക്കപ്പെടുന്നതോടെ, ബിസിനസ് കോണ്‍ഫറന്‍സുകള്‍, അനുബന്ധ വിനോദ സഞ്ചാരം എന്നിവ ഏകോപിപ്പിക്കാനും കുറഞ്ഞ ചിലവില്‍ ചാര്‍ട്ടര്‍ വിമാനങ്ങളെ എത്തിക്കാനും സിയാലിന് കഴിയും. 40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സിയാലിന്‍റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. സ്വകാര്യ കാര്‍ പാര്‍ക്കിങ്, ഡ്രൈവ് ഇന്‍ പോര്‍ച്ച്, വിശാലമായ ലോബി, സൗകര്യസമൃദ്ധമായ  അഞ്ച് ലൗഞ്ചുകള്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൗണ്ടര്‍ തുടങ്ങിയവയും ഈ  ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, അതീവസുരക്ഷ ആവശ്യമുള്ള വി.ഐ. പി അതിഥികള്‍ക്കായി 10,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്.  വെറും 2  മിനിറ്റ് കൊണ്ട് കാറിൽ നിന്ന് എയർക്രാഫ്റ്റ് ഡോറിലേക്ക് എത്തുന്നു എന്നുള്ള  പ്രത്യേകതയും ഇതിനുണ്ട്. വികസനത്തിനായുള്ള നിരവധി പദ്ധതികൾ സിയാൽ ആസൂത്രണം ചെയ്ത് വരികയാണ്. അന്താരാഷ്ട്ര  കാർഗോ കോംപ്ലക്സ്, കൊമേഷ്യൽ സോൺ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയെല്ലാം സിയാലിൻ്റെ  പണിപ്പുരയിലുണ്ട്. 
ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, വ്യോമയാന മേഖലയിൽ കേരളം നേടിയിട്ടുള്ള വളര്‍ച്ചയിൽ  വലിയ പങ്കു വഹിക്കുന്നുണ്ട്. പരമാവധി കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോട് നീതിപുലര്‍ത്താന്‍ സിയാലിന് കഴിയുന്നുണ്ട്. സംസ്ഥാനത്തിന്‍റെ മൊത്തം വിമാനയാത്രക്കാരിൽ  65 ശതമാനവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നവരാണ്. മാത്രമല്ല, കാലോചിതമായ പുതിയ വികസന പദ്ധതികൾക്ക് മുൻകൈയ്യെടുത്ത് നടപ്പിലാക്കാനും സിയാലിന് കഴിയുന്നു.

date