Skip to main content
വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാന പാതയിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെ.എസ്.ടി.പി) പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം  പൊതുമരാമത്ത് വകുപ്പ്  മന്ത്രി പി.എ. മുഹമ്മദ് റിയാസ്   നിർവ്വഹിക്കുന്നു.

റോഡ് നിർമാണത്തിനൊപ്പം സുരക്ഷയും പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതല: മന്ത്രി പി.എ. മുഹമ്മദ് റിയാസ്  വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാന പാതയിൽ കെ.എസ്.ടി.പി പദ്ധതിക്ക് തുടക്കം 

 

റോഡ് നിർമാണം മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയും പൊതുമരാമത്ത് വകുപ്പിൻ്റെ മുഖ്യ ചുമതലയാണെന്ന് ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യ  മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. ജനസാന്ദ്രതയും വാഹന സാന്ദ്രതയും വളരെയേറെ ഉയർന്ന വൈപ്പിൻ പ്രദേശത്ത് അപകടങ്ങൾ കുറക്കാൻ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെ.എസ്.ടി.പി) സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകി വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാന പാതയിൽ കെ.എസ്.ടി.പി പദ്ധതി നടപ്പാക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹന യാത്രക്കും കാൽനട യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കാനും റോഡ് കൂടുതൽ കാലം നിലനിൽക്കാനും പദ്ധതി നടപ്പാകുന്നത് വഴി സാധിക്കും. വാഹന പ്പെരുപ്പത്തിന് അനുസരിച്ചുള്ള റോഡുകൾ നമ്മുടെ നാട്ടിലില്ല. റോഡ് വികസനം സാധ്യമാകുന്നതോടെ വലിയ മാറ്റങ്ങൾക്ക് നാട് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാതാ വികസനം സംസ്ഥാന സർക്കാരിൻ്റെ പ്രധാന അജണ്ടയാണ്. 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ പദ്ധതി കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ അവസ്ഥയിലായിരുന്നു. മുഖ്യമന്ത്രി മുൻകൈ എടുത്ത് മതിയായ നഷ്ടപരിഹാരം നൽകാൻ തയ്യാറായതോടെയാണ് പദ്ധതി യാഥാർഥ്യമായത്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയും സമയബന്ധിതമായി പൂർത്തിയാക്കും. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ മുന്നോട്ടു വെച്ച എല്ലാ നിർദ്ദേശങ്ങൾക്കും സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വൈപ്പിൻ കരയെ സംബന്ധിച്ച് പ്രധാന പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഊർജസ്വലമായ പ്രവർത്തനങ്ങളാണ് പദ്ധതി യാഥാർഥ്യമാകാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് എറണാകുളം നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി.എം. സ്വപ്‌ന റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതിയിൽ റോഡിൽ പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. 36 കോടി രൂപയാണ് പദ്ധതി ചെലവ്. റോഡ് മാര്‍ക്കിംഗുകള്‍, സുരക്ഷാ മുന്നറിയിപ്പ് ബോർഡുകള്‍, നിരീക്ഷണ ക്യാമറകള്‍, നടപ്പാതകള്‍ ഉള്‍പ്പെടെ റോഡ് സേഫ്റ്റി ഇംപ്രൂവ്‌മെന്റ് വർക്ക്‌സ് വൈപ്പിന്‍ - മുനമ്പം പദ്ധതിയുടെ ഭാഗമായുണ്ടാകും. പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാവേലികളും സീബ്ര ക്രോസിംഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാനകളും സ്ഥലലഭ്യത അനുസരിച്ച് ബസ്ബേകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും പദ്ധതിയിലുണ്ടാകും. 25.18 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

മുൻമന്ത്രി എസ്. ശർമ്മ മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് ആലുവ മദ്ധ്യ മേഖല നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ സുജ റാണി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

date