Skip to main content
സംസ്ഥാന ഗ്രാമവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അനുകുമാരി തുടങ്ങിയവർ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുമ്പിച്ചാൽ ചിറ സന്ദർശിക്കുന്നു.

അമൃത് സരോവർ പദ്ധതി: ഉദ്യോഗസ്ഥ സംഘം  തുമ്പിച്ചാൽ ചിറ സന്ദർശിച്ചു 

 

സംസ്ഥാന ഗ്രാമവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അനുകുമാരി തുടങ്ങിയവർ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുമ്പിച്ചാൽ ചിറ സന്ദർശിച്ചു. തുടർന്ന് നടന്ന യോഗം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി ഉദ്ഘാടനം ചെയ്തു.  കേന്ദ്ര പദ്ധതിയായ അമൃത് സരോവറിന്റെ ഭാഗമായി സംരക്ഷിക്കപ്പടുന്ന ചിറയാണ് തുമ്പിച്ചാൽ.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിൽ ഭാവിയിലേക്ക് ജലം കരുതലായി സംരക്ഷിക്കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് അമൃത് സരോവർ. 

പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ ജില്ലകളിലും 75 ജലാശയങ്ങൾ വീതം ശുചീകരിച്ച് സംരക്ഷിക്കും. 2022 ഏപ്രിൽ 24 ന് പഞ്ചായത്തിരാജ് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിൽ 70 കുളങ്ങളാണ്  പദ്ധതിയിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 

കീഴ്മാട് പഞ്ചായത്തിലെ പായലും പുല്ലും ചെളിയും നിറഞ്ഞിരുന്ന തുമ്പിച്ചാലിനെ പദ്ധതിയിലൂടെ ശുചീകരിച്ചു മണൽ ബണ്ട് കെട്ടി സംരക്ഷിച്ചു. ഇറിഗേഷൻ വകുപ്പും തൊഴിലുറപ്പു പദ്ധതിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. പെരിയാറിന്റെ ഭാഗമായ തുമ്പിച്ചാലിന് 10.5 ഏക്കറാണ് വിസ്തൃതി. പദ്ധതിയുടെ ഭാഗമായി ആര്യ വേപ്പ് മരങ്ങളും വച്ചുപിടിപ്പിച്ചു.
ഇപ്പോൾ പ്രദേശവാസികളുടെ പ്രധാന ഒഴിവു സമയ വിനോദ കേന്ദ്രമായി തുമ്പിച്ചാൽ മാറിയിരിക്കുകയാണ്. 
കീഴ്മാട് പഞ്ചായത്ത് ഹാളിൽ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, മറ്റു ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവയെ വിലയിരുത്തുന്ന സംവാദവും  സംഘടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 799 തൊഴിൽ ദിനങ്ങൾ പദ്ധതിയിലൂടെ നൽകാനായി.

കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൽസി ജോസഫ്, കെ.കെ. നാസർ, സ്നേഹാ മോഹനൻ, വാർഡ് മെമ്പർ ടി.ആർ. രെജീഷ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്  കെ.ജെ. ജോയി, ജില്ലാ കോ ഓഡിനേറ്റർ എം.ബി പ്രീതി, വാഴക്കുളം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കെ.വി. സതി, മറ്റ് വാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ  തുടങ്ങിയവർ പങ്കെടുത്തു.

date