Skip to main content

കാലടി സമാന്തര പാലം നിർമ്മാണം:  പ്രാരംഭ പ്രവർത്തനങ്ങൾ  പുരോഗമിക്കുന്നു

 

കാലടി ശ്രീശങ്കര പാലത്തിന് സമാന്തരമായി പെരിയാറിന് കുറുകെ അങ്കമാലി, പെരുമ്പാവൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ചു നിർമ്മിക്കുന്ന കാലടി പുതിയ പാലത്തിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ഇരുകരകളിലും പുഴയിലുമായി 19 ബീമുകളോടെയാണ് പുതിയപാലം നിർമ്മിക്കുന്നത്.  നിർമ്മാണത്തിന്റെ ആദ്യഘട്ടമായ പൈലിങ്‌ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

 കാലപ്പഴക്കം മൂലം ശോചനീയാവസ്ഥയിലായ കാലടി ശ്രീശങ്കര പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് 42 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 455.4  മീറ്റർ നീളത്തിലും, ഇരുവശങ്ങളിലുമായി ഫുട്പാത്ത് ഉൾപ്പെടെ 14 മീറ്റർ വീതിയിലാണ് പുതിയപാലം നിർമ്മിക്കുന്നത്.  നിരവധി കാലമായി കാലടിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ആവശ്യമാണ് പുതിയ പാലം. കഴിഞ്ഞ ജൂണിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നേരിട്ടെത്തി പാലം സന്ദർശിച്ചിരുന്നു. തുടർന്ന്  വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, എം.എൽ.എ.മാരായ റോജി. എം. ജോൺ,  അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളിൽ തുടങ്ങിയവരെ ഉൾപ്പെടുത്തി മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന വിദഗ്ധ സമിതി യോഗത്തിലാണ് പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാൻ തീരുമാനമായത്.

 പെരുമ്പാവൂരിനും അങ്കമാലിക്കുമിടയിൽ എം.സി. റോഡിൽ പെരിയാറിനു കുറുകെയുള്ള ശ്രീശങ്കര പാലത്തിന് അരനൂറ്റാണ്ടിലേറെ കാലപ്പഴക്കമുണ്ട്. സമാന്തര പാലം വരുന്നതോടെ എം.സി റോഡിൽ കാലടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും തെക്കൻ മേഖലകളിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തുന്നവർക്ക് ഗതാഗതകുരുക്ക് ഇല്ലാതെ എത്തിച്ചേരാനും കഴിയും.  രണ്ടു വർഷത്തിനുള്ളിൽ  പൂർത്തിയാക്കുന്ന രീതിയിലാണ് പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.

date