Skip to main content

പിറവത്ത് തൊഴിൽ സഭ സംഘടിപ്പിച്ചു

 

ജോലി നേടാം നാടിനായി എന്ന പ്രമേയത്തിൽ  പിറവം നഗരസഭയിൽ തൊഴിൽ സഭ നടത്തി. നഗരസഭയിലെ 22 മുതൽ 27 വരെയുള്ള വാർഡുകളിലെ ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന തൊഴിൽ സഭയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. 

നഗരസഭ കാര്യാലയത്തിൽ നടന്ന പരിപാടിയിൽ 49 പേരാണ് പുതുതായി രജിസ്റ്റർ ചെയ്തത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ  (കില) റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകി. ഇതിനോടകം 4000 പേരാണ് നഗരസഭയിലെ വിവിധ വാർഡുകളിലായി നിന്നായി തൊഴിൽ സഭയിൽ അംഗങ്ങളായത്. ഇവരെ വിദ്യാഭ്യാസ യോഗ്യതയുടെയും തൊഴിൽ വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അതത് ഗ്രൂപ്പുകൾ വഴി കൈമാറിയാണ് നിയമനം നടത്തുന്നത്. സ്വയം തൊഴിൽ ഉൾപ്പടെ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സഹായങ്ങളും തൊഴിൽ സഭകൾ വഴി ലഭ്യമാക്കും.  

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.പി.സലീം അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വത്സല വർഗീസ്, ജൂലി സാബു, സഞ്ജിനി പ്രദീഷ്, ഗിരീഷ് കുമാർ, എസ്. വൈശാഖി, അജേഷ് മനോഹർ, രമ വിജയൻ, ജോജി ചാരുപ്ലാവിൽ, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സൂസൻ എബ്രഹാം, കില റിസോഴ്സ് പേഴ്സന്മാരായ കെ.വി. ബാബു, ജനാർദനൻ പിള്ള, രത്ന ഭായ് തുടങ്ങിയവർ  സംസാരിച്ചു.

നാല് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നത്.

date