Skip to main content

വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റും: മന്ത്രി കെ.രാജൻ, ചേന്ദമംഗലം പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു

 

ലോകത്തെ പ്രധാന വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. കേരളത്തിലെ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തു പോകേണ്ട അവസ്ഥ ഉടൻ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു. ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം പോലും കച്ചവടമാകുന്ന കാലത്ത് എസ്എസ്എൽസിക്കും പ്ലസ്ടുവിനും മാത്രമല്ല, ജീവിതത്തിലും എ പ്ലസ് നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം തേടി കേരളത്തിലേക്ക് വിദ്യാർഥികൾ ഒഴുകിയെത്തുന്ന തരത്തിൽ വൈജ്ഞാനിക കേന്ദ്രമാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് നിവാസികളായ വിദ്യാർത്ഥികളേയും യുവജനങ്ങളെയും മന്ത്രി ആദരിച്ചു. 

ചേന്ദമംഗലം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയർപേഴ്സൺ കമല സദാനന്ദൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനക്കൽ, എ.എസ് അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ഭൂമി തരം മാറ്റം: അപേക്ഷകൾ അതിവേഗത്തിൽ
തീർക്കുകയാണെന്ന് മന്ത്രി

ഭൂമി തരം മാറ്റൽ അപേക്ഷകൾ അതിവേഗത്തിൽ തീർത്തു കൊണ്ടിരിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കേരളത്തിലെ 27 ആർഡിഒ ഓഫീസുകളിൽ കഴിഞ്ഞ ജനുവരി 31 വരെ ഓഫ്‌ലൈൻ ആയി നൽകിയ അപേക്ഷകളിൽ 25 ഇടത്തും പൂർണമായി പരിഹരിച്ചു. ഫെബ്രുവരി മുതൽ നൽകിയ ഓൺലൈൻ അപേക്ഷകൾ പരിഗണിച്ചു വരികയാണ്. ആറു മാസത്തിനുള്ളിൽ ബാക്കിയുള്ള അപേക്ഷകളും പൂർത്തിയാക്കും. പ്രകൃതി പ്രവചനാതീതമായ തരത്തിൽ മാറ്റങ്ങൾ വരുത്തുന്ന കാലത്ത് കൃഷിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഭൂമി മണ്ണിട്ട് നികത്താൻ ആരെയും അനുവദിക്കില്ല എന്നും മന്ത്രി പറഞ്ഞു.

date