Skip to main content

ജില്ലാതല തൊഴില്‍ മേള വെള്ളിയാഴ്ച കുസാറ്റിൽ,  31 കമ്പനികൾ മേളയിൽ പങ്കെടുക്കും

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ),യുവ കേരളം എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല തൊഴില്‍ മേള വെള്ളിയാഴ്ച്ച (ഡിസംബര്‍ 23) നടക്കും. കളമശ്ശേരി കുസാറ്റ് ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളയുടെ ഉദ്ഘാടനം രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിക്കും. 

സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികളുടെ ഭാഗമായി യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 
4500 ഉദ്യോഗാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍കൂട്ടി ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും മേളയിലേക്ക് പ്രവേശനം. വിവിധ മേഖലകളിലെ 31 കമ്പനികള്‍ പങ്കെടുക്കുന്ന മേളയിലൂടെ 1200  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യം.  

രാവിലെ ഒൻപത് മുതൽ തൊഴിൽ മേളയുടെ രജിസ്ട്രേഷൻ ആരംഭിക്കും. ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ നിര്‍ബന്ധമാണ്. ഒരു ഉദ്യോഗാര്‍ത്ഥിക്ക് മൂന്ന് കമ്പനികളുടെ അഭിമുഖത്തില്‍ പങ്കെടുക്കാം.

date