മുനമ്പം കുടുംബാരോഗ്യകേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം , പണ്ടപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിനും തൃക്കാക്കര നഗര കുടുംബാരോഗ്യകേന്ദ്രത്തിനും പുന: അംഗീകാരം
മുനമ്പം കുടുംബാരോഗ്യകേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ ക്യു എ എസ്) ലഭിച്ചു. പണ്ടപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിനും തൃക്കാക്കര നഗര കുടുംബാരോഗ്യകേന്ദ്രത്തിനും എൻ ക്യു എ എസ് പുന: അംഗീകാരവും ലഭിച്ചു.
ഒ.പി., ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്ട്രേഷന് എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്ഫെക്ഷന് കണ്ട്രോള്, ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. മുനമ്പം കുടുംബാരോഗ്യകേന്ദ്രത്തിന് ഈ വിഭാഗങ്ങളിൽ 96 ശതമാന സ്കോർ ലഭിച്ചു.
പണ്ടപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിന് 94 ശതമാനം സ്കോർ ലഭിച്ചു. ഒ പി ഡി, ഐ പി ഡി, ലാബ്, ഫാർമസി, ജനറൽ അഡ്മിനിസ്ട്രേഷൻ, ദേശീയ ആരോഗ്യപരിപാടികൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സാമൂഹികാരോഗ്യകേന്ദ്രങ്ങൾക്കുള്ള അംഗീകാരം നൽകുന്നത്.
ജനറൽ ക്ലിനിക്ക്, മറ്റേണിറ്റി ഹെൽത്ത്, ന്യൂ ബോൺ ആന്റ് ചൈൽഡ് ഹെൽത്ത്, ഇമ്യൂണൈസേഷൻ, ഫാമിലി പ്ലാനിംഗ്, ഡ്രസിംഗ് റൂം ആന്റ് എമർജൻസി, പകർച്ചവ്യാധി പ്രതിരോധം, ജീവിതശൈലീരോഗം, ഔട്ട്റീച്ച്, ഫാർമസി, ലബോറട്ടറി, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ 12 വിഭാഗങ്ങളിലെ വിവിധ കാര്യങ്ങൾ വിലയിരുത്തിയാണ് നഗരകുടുംബാരോഗ്യകേന്ദ്രങ്ങള്ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. തൃക്കാക്കര നഗരകുടുംബാരോഗ്യകേന്ദ്രത്തിന് 94.80 ശതമാനം സ്കോർ ലഭിച്ചു.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശിയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിര്‍ണ്ണയങ്ങളിലൂടെയാണ് ആശുപത്രികളെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന് സ്റ്റാന്‍ഡേര്‍ഡ്. ആരോഗ്യസ്ഥാപനങ്ങളുടെ സേവനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തതിലൂടെയാണ് ഈ അംഗീകാരങ്ങൾ നേടാനായതെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ അജയ് മോഹൻ പറഞ്ഞു.
ആഗസ്ത് 31, സെപ്തംബർ 1 തീയതികളിലാണ് ദേശീയ ടീം മുനമ്പം കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ച് വിലയിരുത്തിയത്. തൃക്കാക്കര നഗരകുടുംബാരോഗ്യകേന്ദ്രത്തിൽ ആഗസ്ത് 1, 2 തീയതികളിലും പണ്ടപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ സെപ്തംബർ 26,27 തീയതികളിലുമായിരുന്നു സന്ദർശനം.
- Log in to post comments