Skip to main content
ഫോട്ടോ: മുളയങ്കാവ് ഗോള്‍ഡ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തൊഴില്‍ സഭ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന തൊഴില്‍സഭയില്‍ നാനൂറോളം തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്തു

 

 

കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന തൊഴില്‍ സഭയില്‍ നാനൂറോളം തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്തു. തൊഴില്‍ സഭ കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. രമണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും തൊഴില്‍സമദ് സമിതി രൂപീകരിച്ചിട്ടുണ്ടെന്നും തൊഴില്‍ അന്വേഷികര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പഞ്ചായത്തിന്റെ പിന്തുണയുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു. യുവ സംരംഭകര്‍, അഭ്യസ്തവിദ്യരായ  തൊഴില്‍ അന്വേഷകര്‍, എന്നിവര്‍ക്കായി കേരളത്തിന് അകത്തും പുറത്തും ഉള്ളതുമായ തൊഴിലവസരങ്ങളെ സംബന്ധിച്ചും, തൊഴില്‍ അന്വേഷിക്കാനുള്ള അവബോധം സൃഷ്ടിക്കുന്നതിനും തൊഴില്‍ദായകരുമായി ബന്ധിപ്പിക്കുന്നതിനും ലക്ഷ്യമാക്കിയാണ് തൊഴില്‍സഭ നടത്തുന്നതെന്നും പ്രസിഡന്റ് വി. രമണി പറഞ്ഞു.
അഞ്ചു് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലക്ഷ്യമിട്ടുളള എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പ്രാദേശികമായി ചെയ്യാന്‍ കഴിയുന്ന സ്വയംതൊഴില്‍ പോലുള്ള പദ്ധതികള്‍, കാര്‍ഷിക മേഖലയിലുള്ള ഗ്രൂപ്പ് പദ്ധതികള്‍ എന്നിവക്ക് ബാങ്കും പഞ്ചായത്തും സംയുക്തമായി ഫണ്ട് അനുവദിക്കുമെന്നും പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക അനുവദിക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു.
ഗോള്‍ഡ് സ്റ്റാര്‍ ഓഡിറ്റോറിയം മുളയങ്കാവിലും ചുണ്ടമ്പറ്റ മലബാര്‍ ഓഡിറ്റോറിയത്തിലുമായാണ് തൊഴില്‍സഭ നടന്നത്. ഇവര്‍ക്കായി പ്രസിഡന്റ് ചെയര്‍പേഴ്‌സണായും സീനിയര്‍ ക്ലര്‍ക്ക് എം.ബി ലിജി കണ്‍വീനറായും തൊഴില്‍സഭാ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ടി. കെ. ഇസഹാഖ് അധ്യക്ഷന്‍ ആയി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. രജനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. ശ്രീകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ ഖദീജ,പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ തൊഴില്‍സഭയില്‍ പങ്കെടുത്തു.

 

date