Skip to main content
പത്തടിപ്പാലം ഗവ. റസ്റ്റ് ഹൗസില്‍ നടന്ന റവന്യൂ വകുപ്പുതല മേഖലാ യോഗത്തില്‍ മന്ത്രി കെ. രാജന്‍. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.വി. അനുപമ, ജോയിന്റ് കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ കളക്ടര്‍മാരായ ഡോ. രേണു രാജ്, ഹരിത വി. കുമാര്‍, മൃണ്‍മയി ജോഷി, ഷീബ ജോര്‍ജ്, ഡോ. പി.കെ. ജയശ്രീ എന്നിവര്‍ സമീപം.

2023-24 റവന്യൂ അദാലത്ത് വര്‍ഷമായി ആചരിക്കും: മന്ത്രി കെ. രാജന്‍ റവന്യൂ വകുപ്പുതല മേഖലാ യോഗം

 

സംസ്ഥാനത്തെ ഭൂപ്രശ്‌നങ്ങളില്‍ അതിവേഗ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് 2023-24 വര്‍ഷം അദാലത്ത് വര്‍ഷമായി ആചരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഇടപ്പള്ളി പത്തടിപ്പാലം ഗവ. റസ്റ്റ് ഹൗസില്‍ നടന്ന റവന്യൂ വകുപ്പുതല മേഖലാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആദ്യ ഘട്ടത്തില്‍ 14 ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ എല്ലാ താലൂക്കുകളിലുമായിരിക്കും അദാലത്ത് നടത്തുക. അദാലത്തുകളില്‍ റവന്യൂ വകുപ്പ് മന്ത്രി നേരിട്ട് പരാതികള്‍ പരിഹരിക്കും. അടുത്ത വര്‍ഷം റവന്യൂ സാക്ഷരത നടപ്പാക്കുന്നതിനും മുഖ്യപരിഗണന നല്‍കും. വില്ലേജ് ഓഫീസുകളില്‍ നിന്ന് 20 സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നത് സംബന്ധിച്ച സാധാരണ ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് നടപടി സ്വീകരിക്കും. സര്‍വേ ഉദ്യോഗസ്ഥന്മാര്‍, വില്ലേജ് തല ജനകീയ സമിതി അംഗങ്ങള്‍, കോളേജ് വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരെയെല്ലാം പങ്കാളികളാക്കി റവന്യൂ ഇ-സാക്ഷരത പരിപാടി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ഭവനങ്ങളിലും ഒരാള്‍ക്കെങ്കിലും തങ്ങളുടെ ഡിജിറ്റല്‍ ഉപകരണം ഉപയോഗിച്ച് ആപ്ലിക്കേഷന്‍ വഴി അനിവാര്യമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ജനങ്ങളെ പ്രാപ്തരാക്കാനാണ് 2023 ല്‍ റവന്യൂ സാക്ഷരത എന്ന വിപുലമായ പരിപാടിക്ക് തുടക്കം കുറിക്കുന്നത്. കേരളം സാക്ഷരത കൈവരിച്ചതു പോലെ ഒരു വര്‍ഷക്കാലത്തിനുള്ളില്‍ റവന്യൂ വകുപ്പിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ സാക്ഷരത ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.       

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സാധാരണക്കാരന് പട്ടയം നല്‍കാനായി ചട്ടങ്ങളിലോ നിയമത്തിലോ ഭേദഗതി ആവശ്യമെങ്കില്‍ അതിന് സര്‍ക്കാര്‍ മടിക്കില്ല. എന്നാല്‍ ഭൂപരിഷ്‌ക്കരണം മറികടക്കാനും കബളിപ്പിക്കാനും ശ്രമം നടത്തി ഏക്കറു കണക്കിന് ഭൂമി സ്വന്തമാക്കി വെക്കുന്നത് എത്ര ഉന്നതനായാലും ഗൗരവമായ നടപടികളിലൂടെ കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതരായവര്‍ക്ക് കൈമാറും. 

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമയബന്ധിതമായി ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ പട്ടയം വിതരണം ചെയ്യും. അതിനായി ലാന്‍ഡ് അക്വിസിഷന്‍ കമ്മിറ്റികള്‍, താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ എന്നിവയെ ശാക്തീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ആവശ്യമായ നടപടികള്‍ നടക്കുന്നു. മറ്റ് വകുപ്പുകളുടെ കൈയ്യിലുള്ള സ്ഥലങ്ങളില്‍ ദീര്‍ഘകാലമായി താമസിക്കുന്നവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചനകള്‍ നടത്തി മന്ത്രി തലത്തിലുള്‍പ്പടെ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. 

സംസ്ഥാനത്ത് 200 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ നടന്നു വരികയാണ്. നാലു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ 1550 വില്ലേജുകളില്‍ റീസര്‍വേ നടത്തുന്നതിനുള്ള എല്ലാ സഹായങ്ങളും വകുപ്പ് ലഭ്യമാക്കും. എല്ലാ വില്ലേജുകളിലും വില്ലേജ് തല ജനകീയ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ കേന്ദ്രീകൃതമായിരുന്ന റവന്യൂ വകുപ്പിനെ ജനാധപത്യവത്കരിക്കാന്‍ ഇതുവഴി കഴിഞ്ഞു. വില്ലേജ് തല ജനകീയ സമിതികളില്‍ ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരാനും പരിഹരിക്കാനും കഴിയുന്ന വിധത്തില്‍ എല്ലാ സമിതികളിലും ചാര്‍ജ് ഉദ്യോഗസ്ഥരെ നിയമിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. തരംമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വലിയ വേഗത കൈവരിക്കാന്‍ കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് രണ്ട് ലക്ഷത്തി ആറായിരത്തിലേറെ അപേക്ഷകള്‍ പരിഹരിക്കാന്‍ സബ് കളക്ടര്‍മാര്‍, ആര്‍ഡിഒമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സമിതികള്‍ക്ക് കഴിഞ്ഞു. താത്കാലികമായി നിയമിച്ചിട്ടുള്ള 990 ജീവനക്കാരെയും 341 വാഹനങ്ങളും കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള സേവനങ്ങളും ആറുമാസത്തേക്ക് കൂടി തുടര്‍ന്ന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓണ്‍ലൈന്‍ അപേക്ഷകളാണ് ഇനി തീര്‍പ്പാക്കാനുളളവയിലധികവും. ഓണ്‍ലൈന്‍ അപേക്ഷകളില്‍ പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജിയര്‍ തയാറാക്കും. അതിനായി സബ് കളക്ടര്‍മാരുടെ ശില്‍പ്പശാല സംഘടിപ്പിക്കും. അവരുടെ കൂടി അഭിപ്രായങ്ങള്‍ തേടി പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. റവന്യൂവിലേക്ക് തരംമാറ്റേണ്ട രേഖകളില്‍ കുറവുകളുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള സംവിധാനവും ആലോചിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന റവന്യൂ വകുപ്പിന്റെ 2021-26 വര്‍ഷത്തെ ദൗത്യവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം സംഘടിപ്പിക്കുന്നത്. എറണാകുളം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം എന്നീ അഞ്ച് ജില്ലകളിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. പട്ടയവിതരണം, വില്ലേജ്തല ജനകീയ സമിതി, പാട്ടകുടിശ്ശിക, സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം, ജീവനക്കാര്യം, നിലം തരം മാറ്റം, കെട്ടിട നികുതി/ആഡംബര നികുതി, റവന്യൂ കംപ്യൂട്ടര്‍വത്കരണം, ഡിജിറ്റല്‍ റീസര്‍വേ, റവന്യൂ ഇ-സാക്ഷരത, റവന്യൂ റിക്കവറി തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച അഞ്ച് ജില്ലകളിലെയും കളക്ടര്‍മാരും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും ആശയങ്ങള്‍ പങ്കുവെക്കുകയും അഭിപ്രായങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. അഞ്ച് ജില്ലകളിലെ ഓരോ താലൂക്കിലെയും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു.   

ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.വി. അനുപമ, ജോയിന്റ് കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ കളക്ടര്‍മാരായ ഡോ. രേണു രാജ്, ഹരിത വി. കുമാര്‍, മൃണ്‍മയി ജോഷി, ഷീബ ജോര്‍ജ്, ഡോ. പി.കെ. ജയശ്രീ, റവന്യൂ, സര്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

date