Skip to main content

ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷന്‍:  ജില്ലാതല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു

ജില്ലയിലെ ആധാര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം നടക്കുക. രണ്ട് മാസത്തിലൊരിക്കല്‍ മോണിറ്ററിംഗ് സമിതി ചേര്‍ന്ന് ജില്ലയിലെ ആധാര്‍ അപ്‌ഡേഷന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

 

ജില്ലയിലെ ആധാര്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ യോഗത്തില്‍ വിലയിരുത്തി. സംസ്ഥാന ആധാര്‍ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ ആധാര്‍ അപ്‌ഡേഷന്‍ സംബന്ധിച്ചുള്ള വിഷയാവതരണം നടത്തി. കുട്ടികളുടെ അഞ്ചു വയസിലെയും 15 വയസിലെയും നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ ജില്ലയില്‍ പൂര്‍ത്തീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ഇതിനായി വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക ആധാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും

 

നിലവില്‍ ആധാര്‍ എടുത്ത് 10 വര്‍ഷമോ അതിനു മുകളിലോ ആയിട്ടുള്ള വ്യക്തികള്‍ ഡോക്യുമെന്റ് അപ്‌ഡേഷന് എത്തുന്ന സന്ദര്‍ഭത്തില്‍ ആധാറിലേത് പോലുള്ള പേര്, മേല്‍വിലാസം എന്നിവ വ്യക്തമാക്കുന്ന ആധാര്‍ അല്ലാത്ത മറ്റേതെങ്കിലും അസല്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം.
യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍, അഡീഷണല്‍ പോലീസ് മേധാവി ആര്‍. പ്രദീപ്കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എന്‍ഐസി ജില്ലാ ഓഫീസര്‍ ജിജി ജോര്‍ജ്, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ്, ഇ-ഗവേണന്‍സ് സൊസൈറ്റി അംഗങ്ങള്‍, ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date