Skip to main content

വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി

തിരുവല്ല നിയോജക മണ്ഡലത്തില്‍ എംഎല്‍എ വികസന ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സ്പെഷ്യല്‍ ഡെവലപ്പ്മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്പ്മെന്റ് സ്‌കീം (എഡിഎസ്) എന്നിവയില്‍ ഉള്‍പ്പെടുത്തി തിരുവല്ല മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന പ്രവൃത്തികളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു.

 

കടപ്ര ഗ്രാമപഞ്ചായത്തിലെ ഗുരുമന്ദിരം മുതലപ്പുഴ റോഡില്‍ പനങ്ങോട്ടത്ത് പടി കല്ലുകെട്ടി മണ്ണിട്ട് ഉയര്‍ത്തി ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് റദ്ദാക്കി ഒരാഴ്ചയക്കകം പുതിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. പുതുക്കിയ ഭരണാനുമതി നല്‍കേണ്ട പ്രവൃത്തികളുടെ   എസ്റ്റിമേറ്റുകള്‍ താമസം വരുത്താതെ കളക്ടേറ്റില്‍ സമര്‍പ്പിക്കണം. മണ്ഡലത്തിലെ നിര്‍മാണത്തിലിരിക്കുന്ന അങ്കണവാടികള്‍ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ പറഞ്ഞു.

 

ഇന്റേണല്‍ റിവ്യു നടത്തുന്നതിനൊപ്പം ഉദ്യോഗസ്ഥര്‍ മണ്ഡലം തിരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. എഡിഎം ബി. രാധകൃഷ്ണന്‍, എഡിസി ( ജനറല്‍) കെ.ഇ. വിനോദ്കുമാര്‍, തദ്ദേശ സ്വയംഭരണ വകപ്പ് എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍, കെ എസ് ഇ ബി, കേരള വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത്  ഇലക്ട്രാണിക്സ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date