Skip to main content
പീച്ചിയിലെ ഫിഷറീസ് വകുപ്പിന്റെ ഹാച്ചറി

അലങ്കാരമത്സ്യങ്ങളിലെ സുന്ദരിക്ക് പീച്ചിയിൽ ഹാച്ചറി 

 

സഹ്യന്റെ മടിത്തട്ടിൽ പിറന്ന മിസ് കേരള എന്ന ശുദ്ധജല അലങ്കാര മത്സ്യത്തിന് വിത്തുല്പാദന പരിമിതി അതിജീവിക്കാൻ  കേന്ദ്രമൊരുക്കി ഫിഷറീസ് വകുപ്പ്. ചാലക്കുടി പുഴ, അച്ചൻകോവിൽ, പമ്പ, ചാലിയാർ എന്നീ നദികളിൽ നിന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടെടുത്ത ഈ മത്സ്യങ്ങൾക്ക് പുതിയ പ്രജനന താവളം ഒരുക്കിയിരിക്കുകയാണ് പീച്ചിയിലെ ഫിഷറീസ് വകുപ്പിന്റെ ഹാച്ചറി. 

സഹ്യാദ്രിയ ഡെനിസോണി എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ മത്സ്യങ്ങൾക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഴീക്കോട് ഫിഷറീസ് വിത്തുല്പാദന കേന്ദ്രത്തിലായിരുന്നു പ്രജനന സൗകര്യം ഒരുക്കിയിരുന്നത്. 

പ്രേരിത പ്രജനനത്തിന് വിധേയമാക്കാവുന്ന മത്സ്യമാണ് മിസ് കേരള. വംശനാശ ഭീഷണി നേരിടുന്ന ഈ മത്സ്യത്തിന്റെ വംശവർദ്ധനവ് ഉറപ്പാക്കാനുള്ള പദ്ധതികളാണ്  വിത്തുല്പാദന കേന്ദ്രത്തിൽ നടത്തുന്നത്. മത്സ്യത്തിന്റെ പരിപാലനം, അതിജീവനം എന്നിവ ഉറപ്പാക്കുന്നതിന് ആരോഗ്യമുള്ള ജോഡികളെ കണ്ടെത്തി പ്രത്യേക ഹോർമോണുകൾ കുത്തിവെച്ച ശേഷമാണ്  പ്രജനനം നടത്തുന്നത്. പുതിയ സാങ്കേതികവിദ്യ വഴി ഒരു മാസം 500 മുതൽ 1000 കുഞ്ഞുങ്ങളെ വരെ  ഇത്തരത്തിൽ ഉത്പാദിപ്പിക്കാനാകും. ഇതിന് ശേഷം ജൈവ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി വിവിധ പദ്ധതികളിലൂടെ ചാലക്കുടി പുഴയിലെ അതിന്റെ പ്രകൃതിദത്ത ആവാസ വ്യവസ്ഥയിലേക്ക് വിടുകയാണ് ചെയ്യുന്നത്.  

മാനത്തെ താരത്തെ വെല്ലുന്ന സുന്ദരി എന്ന വിളിപേരുള്ള മിസ് കേരള അനിയന്ത്രിതമായ ശേഖരണത്തിലൂടെയും ആവാസ വ്യവസ്ഥയുടെ ശോഷണം മൂലവും വംശനാശം നേരിടുകയാണ്. അപൂർവ സൗന്ദര്യമുള്ള ഈ ബാർബ് ഇനത്തിൽ പെട്ട മത്സ്യങ്ങൾക്ക് തല മുതൽ മധ്യം വരെ നീളുന്ന ചുവപ്പ് വരയും പാർശ്വരേഖ പോലെ മേനിയാകെ നീളുന്ന കറുത്ത വരയുമാണുള്ളത്.

date