Skip to main content
നിർമ്മാണം പുരോഗമിക്കുന്ന പിറവം ഇടപ്പള്ളിച്ചിറ കുടിവെള്ള പദ്ധതി

പിറവം ഇടപ്പള്ളിച്ചിറയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകുന്നു

 

പിറവം നഗരസഭയിലെ ഇടപ്പള്ളിച്ചിറ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. നിര്‍മ്മാണം പുരോഗമിക്കുന്ന ഇടപ്പള്ളിച്ചിറ കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ ഉയര്‍ന്ന് ഭാഗങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ ദീര്‍ഘനാളത്തെ ദുരിതമാണ് അവസാനിക്കുക. 

പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളിച്ചിറയില്‍നിന്നും ഒരു കിലോമീറ്റര്‍ ദൂരം 10 ഗേജുള്ള 160 എം.എം. പി.വി.സി. പൈപ്പാണ് സ്ഥാപിക്കുന്നത്. 40.9 ലക്ഷം രൂപയാണ് ചെലവ്  പ്രതീക്ഷിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ആസ്ബസ്‌റ്റോസ് പൈപ്പ് കാലപ്പഴക്കത്തെ തുടര്‍ന്ന് പലയിടത്തും പൊട്ടി വെള്ളം പാഴാകുന്ന സ്ഥിതിയായിരുന്നു. ഇത് കുടിവെള്ള വിതരണത്തെ തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് പൈപ്പ്‌ലൈന്‍ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.  കണ്ണീറ്റുമല, ഇല്ലിക്കമല, പന്നിക്കോട്ടുമല, പുന്നാട്ടുകുഴി, കൊമ്പനാമല പ്രദേശങ്ങളിലെ നൂറു കണക്കിന് കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. 

നേരത്തെ പിറവം നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇടപ്പള്ളിച്ചിറ പാലച്ചുവട് റോഡില്‍ ടാറിങ്ങ് നടക്കുന്നതിനാല്‍ പദ്ധതിക്ക് വേണ്ടി പൈപ്പിടുന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ അതിവേഗത്തിലാണ് നടന്നു വരുന്നത്. 

ഇടപ്പളളിച്ചിറ പദ്ധതിക്കൊപ്പം കൊമ്പനാമലയില്‍ 37 ലക്ഷം ലിറ്ററിന്റെ ഓവര്‍ഹെഡ് ടാങ്ക് നിര്‍മ്മിക്കുന്നതിന് 1.3 കോടി രൂപയുടെ മറ്റൊരു പദ്ധതി കൂടി നഗരസഭ വിഭാവനം ചെയ്യുന്നുണ്ട്. ഇതു കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്‌നം പൂര്‍ണമായും ഇല്ലാതാകുമെന്നാണ് ഭരണസമിതിയുടെ പ്രതീക്ഷ.

date