Skip to main content

കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതി രൂപീകരണത്തെക്കുറിച്ച് ശില്‍പ്പശാല

 

വര്‍ദ്ധിച്ചു വരുന്ന ജലമലിനീകരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലക്ഷ്യമിട്ട് കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി സംസ്ഥാന ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഫീക്കല്‍ സ്ലഡ്ജ് മാനേജ്മന്റ് പ്ലാന്‍ രൂപീകരണ ദ്വിദിന ശില്‍പ്പപശാല സംഘടിപ്പിച്ചു. എറണാകുളം മേഴ്‌സി ഹോട്ടലില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരന്‍ നിര്‍വഹിച്ചു.

കക്കൂസ് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കാന്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതും തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ചു പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തു. ആദ്യഘട്ടത്തില്‍ 14 ജില്ലകളിലുമായി 28 പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് ശുചിത്വ മിഷന്‍ ലക്ഷ്യമിടുന്നത്. നൂതന സാങ്കേതിക വിദ്യയായ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്)  ഉപയോഗപ്പെടുത്തിയാണ് ജില്ലയിലും പദ്ധതി നടത്തിപ്പിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത്. ശുചിത്വ മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി കണ്ടെത്തിയ ഭൂമികള്‍ പദ്ധതി ആവിഷ്‌കരിക്കുന്നതിനായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വിലയിരുത്തി.

ശുചിത്വ മിഷനിലെ സാങ്കേതിക വിദഗ്ധര്‍ ഓരോ ജില്ലകളുടെയും ഗ്രൂപ്പുകളില്‍ പങ്കുചേര്‍ന്നു. ഓരോ സ്ഥലത്തിനും അനുയോജ്യമായ സാങ്കേതിക വിദ്യ സംബന്ധിച്ച്  തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. മലിനജല ഉപയോഗം പൊതുജനാരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ ജനങ്ങളില്‍ നിന്ന് വലിയ പിന്തുണ ആവശ്യമാണെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി ബാലഭാസ്‌കരന്‍ അഭിപ്രായപ്പെട്ടു. ദ്രവമാലിന്യ വിഭാഗം ഡയറക്ടര്‍ പ്രവീണ്‍ കെ എസും മറ്റ് ഉദ്യോഗസ്ഥരും ഓരോ ജില്ലാതല ഗ്രൂപ്പുകളുടെയും ചര്‍ച്ചയില്‍ പങ്കെടുത്ത് പ്ലാന്‍ രൂപീകരണത്തിന് പിന്തുണ നല്‍കി. പദ്ധതികളുടെ അടിയന്തിര പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനുതകുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും അസൂത്രണത്തിന്റെ ഭാഗമാകണമെന്ന് ശുചിത്വ മിഷന്‍ ക്യാമ്പയിന്‍ കണ്‍സല്‍ട്ടെന്റ് എന്‍. ജഗജീവന്‍ പറഞ്ഞു.

date