Skip to main content

പെരുനാട് സിഎച്ച്സി കിടത്തി ചികിത്സയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

മലയോര മേഖലയിലെ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി പെരുനാട് ആശുപത്രിയിലെ കിടത്തി ചികിത്സാ സംവിധാനം. പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിക്കുന്ന കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഏഴിന് രാവിലെ 10ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ഇതിനു വേണ്ടി എന്‍എച്ച്എമ്മിന്റെ സൗകര്യങ്ങള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി. എംഎല്‍എ ആയപ്പോള്‍ മുതല്‍ നിരന്തരമായി നടത്തിയ ഇടപെടലുകളെ അനുഭാവപൂര്‍വം പരിഗണിച്ച ആരോഗ്യ മന്ത്രിയോടുള്ള നന്ദിയും എംഎല്‍എ അറിയിച്ചു. തുടര്‍ന്ന് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 2.25 കോടി രൂപയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

 

ആശുപത്രിയുടെ വികസനം മലയോരമേഖലയിലെ പാവപ്പെട്ടവര്‍ക്കാണ് ഏറെ പ്രയോജനം ചെയ്യുക. തോട്ടം മേഖലയായ പെരുനാട്, ചിറ്റാര്‍, നാറാണംമൂഴി, വടശേരിക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ക്കും പട്ടികജാതി -പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ നിലയ്ക്കല്‍ കഴിഞ്ഞാല്‍ ശബരിമല പാതയില്‍ ഏറ്റവും അടുത്തുള്ള ആശുപത്രി എന്ന നിലയില്‍ അടിയന്തര സാഹചര്യങ്ങളില്‍ തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ആശുപത്രി.

 

ഇപ്പോഴത്തെ അവസ്ഥയില്‍ 20 മുതല്‍ 30 കിലോമീറ്റര്‍ സഞ്ചരിച്ച് പത്തനംതിട്ടയിലും റാന്നിയിലും പോയാണ് രോഗികള്‍ വിദഗ്ധ ചികിത്സ തേടുന്നത്. മലയോരമേഖലയില്‍ അപകടങ്ങളും കാട്ടുമൃഗങ്ങളുടെ ആക്രമണവും പതിവായ സാഹചര്യത്തില്‍ ഇവയ്ക്ക് വിധേയരാവുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസനത്തിലൂടെ സാധിക്കും.

 

കിഴക്കന്‍ മേഖലയിലെ പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ അടിയന്തരമായി നടപ്പാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനോടും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനോടും അഭ്യര്‍ഥിച്ചിരുന്നു. എംഎല്‍എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ആശുപത്രി വികസനത്തിനായി 2.25 കോടി രൂപ അനുവദിച്ചതും ഇവിടെ കിടത്തി ചികിത്സ യാഥാര്‍ഥ്യമാക്കിയതും. പഞ്ചായത്ത് കണ്ടെത്തി നല്‍കുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുക

date