Skip to main content

വഴിയോര വിശ്രമ കേന്ദ്രം ആരംഭിച്ചു

ആറന്മുള കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍എസ്എസ് വിഭാഗവും ആറന്മുള വികസന സമിതിയും സംയുക്തമായി നടത്തിയ സപ്തദിന ക്യാമ്പായ ദ്വോദയുടെ ഭാഗമായി വഴിയോര വിശ്രമ കേന്ദ്രം ആരംഭിച്ചു. ക്യാമ്പിന്റെ ഒന്നാം ദിനം മുതലുള്ള ശുചീകരണ പ്രവര്‍ത്തനത്തിന് ശേഷം ആറന്മുള പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ടി. റ്റോജി വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

 

പന്തളം - ആറന്മുള പാതയരികില്‍ ഉപയോഗ ശൂന്യമായിരുന്ന നാല്‍ക്കാലിക്കല്‍ പഴയ പാലം ശുചീകരിച്ചാണ് വിശ്രമ കേന്ദ്രം പദ്ധതിക്ക് തുടക്കം കുറിച്ചത്. മുളകൊണ്ടുള്ള ബഞ്ചും കൂടാതെ ടയറുകളും, ഗ്ലാസ് ബോട്ടിലുകളും ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വിശ്രമ കേന്ദ്രം ആകര്‍ഷകമാക്കി. പാലത്തിന് ചുറ്റുമുള്ള സ്ഥലം ചെടികളും മറ്റും നട്ട് കൂടുതല്‍ മനോഹരമാക്കും. ഇതിനോട് അനുബന്ധിച്ച് കൂടുതല്‍ സ്ഥലങ്ങള്‍ വിനോദ സഞ്ചാരികളെ ആകര്‍ശിക്കാന്‍ തയാറാക്കി.

 

ഈ പദ്ധതി പൂര്‍ണമാകുന്നതോടുകൂടി ചെറുവള്ളങ്ങള്‍, റാഫ്റ്റിംഗ്, ഫുഡ് സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന വിശ്രമ കേന്ദ്രം പൈതൃക ഗ്രാമമായ ആറന്മുളയ്ക്ക് മുതല്‍ കൂട്ടാകും. കോഴിത്തോട് കൂടിയുള്ള കയാക്കിംഗ്, ചെറുവള്ളങ്ങളില്‍ കൂടിയുള്ള യാത്ര എന്നിവ ടൂറിസ്റ്റുകള്‍ക്ക് വില്ലേജ് ലൈഫ് ആസ്വദിക്കാനും കോഴിത്തോട് യാത്രയില്‍ തോടിന്റെ ഉദ്ഭവ സ്ഥാനം മുതല്‍ അവസാനം വരെ  ഇടയ്ക്കിടയ്ക്കുള്ള വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നതും പരിഗണനയിലുണ്ട്.

 

ഖരമാലിന്യങ്ങള്‍ തള്ളുന്ന ഒരിടമായിരുന്ന ഈ ഭാഗം വിശ്രമ കേന്ദ്രം വരുന്നതോടുകൂടി മാലിന്യ മുക്തമാകും. വാര്‍ഡ് അംഗങ്ങളായ ദീപ ജി. നായര്‍, ശിവന്‍, ഡിറ്റിപിസി സെക്രട്ടറി സതീഷ് മിറാണ്ട, കോളജ് പ്രിന്‍സിപ്പല്‍ ഇന്ദു പി. നായര്‍, ആറന്മുള വികസന സമിതി സെക്രട്ടറി അശോകന്‍ മാവുനില്‍ക്കുന്നതില്‍, ട്രഷറര്‍ സന്തോഷ് കുമാര്‍ പുളിയേലില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രിയങ്ക രവി, കെ.റ്റി. അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.

date