Skip to main content
മകരവിളക്കിനോടനുബന്ധിച്ച് ജലവിഭവ വകുപ്പ് സന്നിധാനത്ത് ഒരുക്കിയ കുടിവെള്ള സംവിധാനം

ദാഹിച്ച് വലയേണ്ട; വിപുലമായ സൗകര്യമൊരുക്കി ജല അതോറിറ്റി

മകരവിളക്കുല്‍സവം പ്രമാണിച്ച് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കേരള ജലവിഭവ വകുപ്പ്. തീര്‍ഥാടകരുടെ ദാഹമകറ്റുന്നതിനും വിശ്രമ സൗകര്യമൊരുക്കുന്നതിനും നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും കുടിവെള്ള കിയോസ്‌കുകളും വിരിവെക്കാനുള്ള സൗകര്യങ്ങളുമുള്‍പ്പെടെ വലിയ സൗകര്യങ്ങളാണ് ജലവിഭവ വകുപ്പ് ഒരുക്കിയിട്ടുള്ളത്.

കരിമല വഴി വരുന്ന അയ്യപ്പഭക്തന്മാര്‍ക്ക് വിശ്രമിക്കാന്‍ 50 വിരിവെപ്പ് കേന്ദ്രങ്ങള്‍ ഒരുക്കി. തീര്‍ഥാടകരുടെ ദാഹമകറ്റുന്നതിന് കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി പമ്പാ സെക്ഷന് കീഴില്‍ ചെറിയാനവട്ടത്ത് നിന്നുള്ള കുടിവെള്ള പൈപ്പുകള്‍ 2 കിലോമീറ്റര്‍ ദൂരം നീട്ടി വലിയാനവട്ടം വരെ എത്തിച്ചു. ഇതോടെ ഈ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.

മകരജ്യോതി ദര്‍ശനത്തിനുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് ഹില്‍ടോപ്പിന് മുകളില്‍ അയ്യായിരം ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ട് പി.വി.സി ടാങ്കുകള്‍ പുതുതായി സ്ഥാപിച്ച് കിയോസ്‌കുകള്‍ വഴി കുടിവെള്ളം ലഭ്യമാക്കി തുടങ്ങി.

മണ്ഡലകാലത്ത് ദിവസവും 35ലക്ഷം ലിറ്ററിലേറെ വെള്ളമാണ് ജലവിഭവ വകുപ്പ് വിതരണം ചെയ്ത് പോന്നത്. മകരവിളക്ക് സമയത്തെ ഭക്തജനപ്രവാഹം കണക്കിലെടുത്ത് നിലവിലുള്ള പമ്പാടാങ്കിന് പരിസരം അയ്യായിരം ലിറ്റര്‍ ശേഷിയുള്ള പത്ത് പി.വി.സി ടാങ്കുകള്‍ സ്ഥാപിച്ച് കുടിവെള്ള സംഭരണശേഷി അമ്പതിനായിരം ലിറ്റര്‍ വര്‍ധിപ്പിച്ചതായി ജല അഥോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ആര്‍.ഡി. അനില്‍കുമാര്‍ അറിയിച്ചു. ഇപ്പോള്‍ നിത്യവും 40 ലക്ഷം ലിറ്ററിലേറെ ജലമാണ് വിതരണം ചെയ്യുന്നത്.

നിലയ്ക്കല്‍ ബേസ് ക്യാമ്പിലും കുടിവെള്ള ലഭ്യത വര്‍ധിപ്പിച്ചു. ഹെലിപ്പാട് ആര്‍. ഒ പ്ലാന്റിന് സമീപം 8 ടാങ്കുകള്‍ അധികമായി സ്ഥാപിച്ചാണിത്.

മകരവിളക്ക് സമയത്ത് ഭക്തജന തിരക്കേറിയാലും കുടിവെള്ള ക്ഷാമമുണ്ടാകാത്ത വിധത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു. നിലവില്‍ 100 കരാര്‍ തൊഴിലാളികളും 10 ജീവനക്കാരുമാണ് വാട്ടര്‍ അഥോറിറ്റിക്കായി ശബരിമലയില്‍ സേവനരംഗത്തുള്ളത്.

date