Skip to main content

ജില്ലയിലെ ബാങ്കുകള്‍ നല്‍കിയത് 4789.76 കോടി രൂപ വായ്പ

ആലപ്പുഴ: നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 4789.76 കോടി രൂപ വായ്പയായി വിതരണം ചെയ്തു. ഒന്നാം പാദത്തെ അപേക്ഷിച്ച് 15.08 കോടി രൂപയാണ് അധികമായി ഇത്തവണ വിതരണം ചെയ്തത്. ജില്ല ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് കണക്കുകള്‍ വിലയിരുത്തിയത്. ആലപ്പുഴ റോയല്‍ പാര്‍ക്ക് ഹോട്ടലില്‍ എ.എം ആരിഫ് എം.പി. യോഗം ഉദ്ഘാടനം ചെയ്തു. എ.ഡി.എം. എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ജില്ലയിലെ ബാങ്കുകള്‍ ഇതുവരെ ആകെ 45,374 കോടി രൂപയുടെ നിക്ഷേപമാണ് നേടിയത്. 23,005 കോടി രൂപയാണ് ആകെ വായ്പ ഇനത്തില്‍ വിതരണം ചെയ്തത്. 

രണ്ടാം പാദത്തില്‍ 3490.63 കോടി രൂപ മുന്‍ഗണനാ മേഖലകള്‍ക്ക് (പ്രയോറിറ്റി സെക്ടര്‍) നല്‍കി. കാര്‍ഷിക വായ്പയായി 2155.85 കോടി രൂപയും കാര്‍ഷികേതര വായ്പയായി 2633.91 കോടി രൂപയും വിതരണം ചെയ്തു. വിദ്യാഭ്യാസ വായ്പ ഇനത്തില്‍ 49.67 കോടി രൂപ വിതരണം ചെയ്തു.  എസ്.ബി.ഐ. ഡി.ജി.എം. ജെ. ശിവകുമാര്‍, ആര്‍.ബി.ഐ. എല്‍.ഡി.ഒ. എ.കെ. കാര്‍ത്തിക്, നബാര്‍ഡ് ഡി.ഡി.എം. ടി.കെ. പ്രേം കുമാര്‍, ലീഡ് ബാങ്ക് ജില്ല മാനേജര്‍ എം. അരുണ്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ബാങ്കുകളെയും ചടങ്ങില്‍ ആദരിച്ചു.

date