Skip to main content

തൈക്കാട്ടുശേരിയിലെ പെണ്‍കുട്ടികള്‍ക്ക് ഇനി കരാട്ടെ കരുത്ത്

ആലപ്പുഴ: ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാനും സ്വയം പ്രതിരോധത്തിനുമായി പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനത്തിന് തുടക്കം കുറിച്ച് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത്. ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ദലീമ ജോജോ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തിന്റെ 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കരാട്ടെ പരിശീലന പദ്ധതി നടപ്പാക്കുന്നത്. 10 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം. ബുധനാഴ്ച വൈകിട്ട് മൂന്നര മുതല്‍ നാലര വരെ പഞ്ചായത്തിലെ ഗവണ്‍മെന്റ് യു. പി. സ്‌കൂളിലാണ് ക്ലാസ്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ആണ്‍ കുട്ടികള്‍ക്കും പരിശീലനം നല്‍കും. 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ എബ്രഹാം ജോര്‍ജ്, രതി നാരായണന്‍, പ്രിയ ജയറാം, അംബിക ശശിധരന്‍, ഷിബു, വിമല്‍ രവീന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി സാബുമോന്‍, പരിശീലകന്‍ എബി എന്നിവര്‍ സംസാരിച്ചു.
 

date