Skip to main content

ശൈലി ആപ്ലിക്കേഷന്‍: മണീട് പഞ്ചായത്തില്‍ 96% വിവര ശേഖരണം പൂര്‍ത്തിയായി 

 

നവ കേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജീവിതശൈലീ രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച്  നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ശൈലി ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവരശേഖരണം മണീട് ഗ്രാമപഞ്ചായത്തില്‍ 96 ശതമാനം പൂര്‍ത്തിയായി. 'അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' പദ്ധതിയുടെ ഭാഗമായി 30 വയസിനു മുകളിലുള്ള മുഴുവന്‍ ആളുകളിലെയും ജീവിത ശൈലി രോഗ നിര്‍ണ്ണയ കണക്കെടുപ്പാണ് ആപ്ലിക്കേഷന്‍ വഴി നടത്തുന്നത്.

പഞ്ചായത്തിന് കീഴില്‍ 13 വാര്‍ഡുകളില്‍ നിന്നായി 9887 പേരുടെ വിവരങ്ങളാണ് ഇതുവരെ ശൈലി ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  453 പേരുടെ  വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ പഞ്ചായത്തില്‍ വിവരശേഖരണം നൂറ് ശതമാനം പൂര്‍ത്തിയാകും.

മണീട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് വിവര ശേഖരണം നടത്തുന്നത്. ഇ ഹെല്‍ത്ത് കേരള വികസിപ്പിച്ച ശൈലി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വഴി പഞ്ചായത്തിലെ ഓരോ വാര്‍ഡിലും ആശാപ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തിയാണ് പ്രാഥമിക വിവരശേഖരണം നടത്തുന്നത്. പഞ്ചായത്തില്‍ 15 ആശാ പ്രവര്‍ത്തകരാണ് വിവരശേഖരണത്തിന് നേതൃത്വം നല്‍കുന്നത്.

പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, മറ്റ് ജീവിതശൈലീ രോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവയെക്കുറിച്ചുള്ള വിവര ശേഖരണമാണ് പ്രാഥമികമായി ആപ്പ് വഴി നടത്തുന്നത്. ആശാ പ്രവര്‍ത്തകര്‍ വിവരശേഖരണം നടത്തി കഴിയുമ്പോള്‍ തന്നെ പഞ്ചായത്തിലെ ആരോഗ്യ വിവരങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ക്കും ജില്ലാതലത്തില്‍ വിവരങ്ങള്‍ ജില്ലാ നോഡല്‍ ഓഫീസര്‍ക്കും സംസ്ഥാനതല വിവരങ്ങള്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.

date