Skip to main content

അയ്യമ്പുഴ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു

 

 തൊഴില്‍ സാധ്യതകളിലേക്ക് വഴി തുറന്ന് അയ്യമ്പുഴ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴിലന്വേഷകര്‍ക്ക് മുന്നില്‍ തൊഴില്‍ അവസരങ്ങളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന തൊഴില്‍സഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോന്‍ നിര്‍വഹിച്ചു.

 പ്രാദേശിക സംരംഭകത്വം വര്‍ധിപ്പിച്ച്, തൊഴില്‍ സാധ്യകള്‍ കൂട്ടി, വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  തൊഴില്‍ തേടുന്നവര്‍, സ്വയം തൊഴില്‍ സംരംഭകര്‍, തൊഴില്‍ദായക സംരംഭകര്‍, സംരംഭ പുനഃരുജ്ജീവനമാവശ്യമുള്ളവര്‍, സംരംഭകത്വ മികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നൈപുണ്യ വികസനം ആവശ്യമുള്ളവര്‍ എന്നിവരെയെല്ലാം കൂട്ടിയോജിപ്പിച്ചാണ്  തൊഴില്‍ സഭ സംഘടിപ്പിച്ചത്.
വ്യത്യസ്ത വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളെ തദ്ദേശ സ്ഥാപനതലത്തില്‍ ഏകോപിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലയുടെയും സഹായങ്ങള്‍ തൊഴില്‍ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതാണ് തൊഴില്‍സഭയുടെ ലക്ഷ്യം.

 ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെജി വര്‍ഗീസ്, പഞ്ചായത്ത് അംഗങ്ങളായ റിജി ഫ്രാന്‍സിസ്, ശ്രുതി സന്തോഷ്, വിജയശ്രീ സദാശിവന്‍, സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date