Skip to main content

ഹൃദയപൂർവം ഹരിതകർമ്മ സേനയ്‌ക്കൊപ്പം: മന്ത്രി എം.ബി. രാജേഷ്

ശുചിത്വകേരളത്തിന്റെ സൈന്യമായ ഹരിതകർമ്മസേനയ്‌ക്കെതിരെ നടക്കുന്ന സാമൂഹ്യവിരുദ്ധപ്രചാരണം അത്യന്തം അപലപനീയമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യമുക്ത കേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിൽ. നാം ഓരോരുത്തരും സൃഷ്ടിക്കുന്ന മാലിന്യംനമുക്ക് വേണ്ടിയും നാടിന് വേണ്ടിയും നീക്കം ചെയ്യുന്നവരാണ് ഹരിത കർമ്മ സേനാംഗങ്ങൾ. ആ സേവനം വിലമതിക്കാനാകാത്തതാണ്. ഈ സേവനത്തിന് സർക്കാർ ഏർപ്പെടുത്തിയ 50 രൂപാ ഫീസ് വലിയ കൊള്ളയാണെന്ന് ചിത്രീകരിക്കുന്നത് ക്രൂരതയാണ്. ഹരിതകർമ്മസേനയെ ഹൃദയപൂർവം ചേർത്തുപിടിക്കാൻ കേരളീയസമൂഹം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തുകളിലെ സേവനത്തിന് ഹരിതകർമ്മസേനയ്ക്ക് ഫീസ് അടച്ച രസീത് നിർബന്ധമാണോ എന്ന ചോദ്യത്തിനുള്ള മറുപടി ഉയർത്തിയാണ് ഈ ദുഷ്പ്രചാരണം നടക്കുന്നത്. നിലവിൽ അത്തരം നിയമങ്ങളോ ഉത്തരവുകളോ ഇല്ലെന്ന മറുപടിഹരിതകർമ്മസേനയ്ക്ക് പണം കൊടുക്കാൻ നിയമമില്ലെന്ന് തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചാരണങ്ങളെല്ലാം. തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ മറുപടിവേണ്ടത്ര അവധാനതയില്ലാതെ നൽകിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കും. ഒപ്പം ഇതിന്റെ മറപിടിച്ച് വ്യാജവാർത്തകളും നുണപ്രചാരണവും നിരന്തരം പടച്ചുവിടുന്നവർക്കെതിരെ നിയമ നടപടിയെടുക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിഷയത്തിൽ ഡിജിപിക്ക് പരാതി നൽകി. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്തിനിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർഫീസ് ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകാൻ നിയമപ്രകാരം വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും മന്ത്രി അറിയിച്ചു. 2016ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടത്തിലെ 4(3)15(f) പരമാർശങ്ങൾ ഇത് കൃത്യമായി നിർദേശിക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഇക്കാര്യം നിഷ്‌കർഷിക്കുന്ന വിപുലമായ നിയമവും ഒരുങ്ങുകയാണ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 100% യൂസർഫീ ശേഖരിക്കുന്നതിന് അനുയോജ്യമായ നടപടികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സ്വീകരിക്കാമെന്ന് സ്പഷ്ടീകരിച്ച് പ്രത്യേക ഉത്തരവും ഇന്ന് പുറത്തിറക്കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന സേവനങ്ങൾക്കായി ഹരിതകർമ്മ സേന നൽകുന്ന യൂസർ ഫീ കാർഡ്/രസീതിന്റെ പകർപ്പ് ലഭ്യമാക്കുന്നതിന് അപേക്ഷകനോട് നിർദേശിക്കാനാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നവംബർ മാസം മാത്രം കേരളത്തിലെ 30,890 ഹരിതകർമ്മസേനാംഗങ്ങൾ ചേർന്ന് നീക്കം ചെയ്തത് 5,515 ടൺ പ്ലാസ്റ്റിക് മാലിന്യമാണ്. ഉറവിട സംസ്‌കരണവും വാതിൽപ്പടി ശേഖരണവും വഴിയല്ലാതെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനാകില്ല. അജൈവ വസ്തുക്കൾ വീട്ടിലെത്തി സ്വീകരിക്കുന്ന ഹരിതകർമ്മസേനാ അംഗങ്ങളെ സേവനദാതാക്കളായി പരിഗണിക്കാൻ സാമൂഹ്യബോധമുള്ള ഓരോ മനുഷ്യനും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ജൈവമാലിന്യത്തിന്റെ ഉറവിട സംസ്‌കരണത്തിന് ആവശ്യമായ നിർദേശവും ഹരിത കർമ്മ സേനാംഗങ്ങൾ നൽകുന്നുണ്ട്. മാലിന്യ ശേഖരണത്തിൽ പ്രാദേശികമായി ഏറ്റക്കുറച്ചിലുകളോപരാതികളോ ഉണ്ടെങ്കിൽ അത് കൂട്ടായി ഇടപെട്ട് പരിഹരിക്കാനുള്ള ഇടപെടൽ നടത്തണം. കൊല്ലത്തെ ഏരൂരിലുംമലപ്പുറത്തെ കീഴാറ്റൂരിലുംഏലൂർആന്തൂർ നഗരസഭകളിലുമെല്ലാം ഹരിതകർമ്മ സേനയുമായി ചേർന്ന് മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ നല്ല മാതൃകകളായി സംസ്ഥാനത്തുണ്ട്. എല്ലാ പ്രദേശങ്ങളെയും ഈ രീതിയിൽ കൈപിടിച്ചുയർത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പി.എൻ.എക്സ്. 73/2023

date