Skip to main content

ഹൈടെക്ക് ഉത്സവം ഈ കലോത്സവം

61-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം അരങ്ങേറുന്നത് കോഴിക്കോടാണെങ്കിലും ലോകത്തിൻ്റെ ഏത് കോണിലുള്ളയാൾക്കും മത്സരങ്ങൾ വീക്ഷിക്കാനും ഫലങ്ങൾ അറിയാനും സാധിക്കും. അത്രക്കും ഹൈടെക്ക് സംവിധാനമാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഈ കലോത്സവത്തിനും ഏർപ്പെടുത്തിയിരിക്കുന്നത്.

 

കലോത്സവം ടെലിവിഷനിൽ നിന്നു കാണാനായി കൈറ്റിൻ്റെ രണ്ട് ചാനലുകൾ വഴി മുഴുവൻ സമയ സംപ്രേക്ഷണവും ദൃശ്യങ്ങളും ഫലങ്ങളും രചനകളും അറിയാനും കാണാനും ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ സംവിധാനവും ആപ്പുമാണ് കൈറ്റ് ഏർപ്പെടുത്തിയത്. 

 

കൈറ്റിൻ്റെ നേതൃത്വത്തിൽ അഞ്ച് വേദികളിൽ നിന്നും തത്സമയ സംപ്രേക്ഷണം രാത്രി 11 മണി വരെയാണ് തുടരുന്നുണ്ട്. ശേഷം രാത്രി 11 മണി മുതൽ പുനർ സംപ്രേക്ഷണവും നടക്കും. കൈറ്റിൻ്റെയും വിക്ടേഴ്സ് പ്ലസിൻ്റെയും ചാനലുകളിലൂടെയാണ് ഇടവേളകളില്ലാതെ കലോത്സവ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത്. കൈറ്റിൻ്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിലൂടെയുള്ള സംപ്രേക്ഷണം ഈ കലോത്സവം മുതലാണ് ആരംഭിച്ചത്.

കലോത്സവ വിവരങ്ങളറിയാനുള്ള 'ഉത്സവം' മൊബൈല്‍ ആപ്പും വെബ്സൈറ്റുമാണ് മറ്റൊരു പ്രത്യേകത. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'KITE Ulsavam' എന്ന് നല്‍കി നിരവധി പേരാണ് ആപ് ഇൻസ്റ്റാൾ ചെയ്യുന്നത്. മത്സരഫലങ്ങള്‍ക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങള്‍ അവ തീരുന്ന സമയം ഉള്‍പ്പെടെ തത്സമയം അറിയാനുള്ള സംവിധാനവുമുണ്ട്.

 

കലോല്‍സവം പോര്‍ട്ടല്‍

www.ulsavam.kite.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാണ്. വിധികർത്താക്കൾ ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ മത്സരാർത്ഥികളുടെ പേരും സ്കൂളും ഗ്രേഡുമെല്ലാം ഇതുവഴി അപ് ലോഡും ചെയ്യുന്നുണ്ട്. ഓരോ ദിവസവും നിരവധിയാളുകളാണ് വെബ്സൈറ്റ് സന്ദർശിക്കുന്നത്.

 

date